കേരള : പുറത്താക്കിയവർക്കു പകരം സെനറ്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നതിന് വിലക്ക്

Saturday 22 October 2022 1:36 AM IST

കൊച്ചി: കേരള സർവകലാശാലയിൽ നിന്ന് പുറത്താക്കിയ 15 സെനറ്റ് അംഗങ്ങൾക്കു പകരം ഒക്ടോബർ 31 വരെ ഗവർണർ പുതിയ അംഗങ്ങളെ നോമിനേറ്റു ചെയ്യരുതെന്ന് ഹൈക്കോടതി. പുറത്താക്കൽ നടപടിക്ക് സ്റ്റേ ഇല്ല. ഗവർണറുടെ നടപടിക്കെതിരെ 15 അംഗങ്ങൾ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഇടക്കാല ഉത്തരവ്.

ഇവരെ ഒഴിവാക്കിയ വിജ്ഞാപനത്തിന്റെ രേഖകൾ ഹാജരാക്കാൻ ഗവർണറുടെ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് ,ഹൈക്കോടതി ഹർജികൾ ഒക്ടോബർ 31 ലേക്ക് മാറ്റി. സെനറ്റിലെ നാല് എക്സ് ഒഫിഷ്യോ അംഗങ്ങളെയും മറ്റു വിഭാഗങ്ങളിൽ നിന്നുള്ള 11 അംഗങ്ങളെയുമാണ് ഗവർണർ പുറത്താക്കിയത്.വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ഗർണറുടെ നിർദ്ദേശപ്രകാരം സെനറ്റിന്റെ പ്രതിനിധിയായി ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ ഡോ. വി.കെ. രാമചന്ദ്രനെ ശുപാർശ ചെയ്തിരുന്നു. എന്നാൽ ,അദ്ദേഹം പിന്മാറിയതോടെ പുതിയ അംഗത്തെ കണ്ടെത്തേണ്ടി വന്നു. ഇതിനു സമയം നൽകാതെ ഗവർണർ തിരക്കിട്ട് സെനറ്റിന്റെ പ്രതിനിധിയില്ലാതെ കമ്മിറ്റിക്ക് രൂപം നൽകിയത് സർവകലാശാലാ നിയമത്തിനും യു.ജി.സി മാർഗ്ഗ നിർദ്ദേശങ്ങൾക്കും വിരുദ്ധമാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു.

ഒക്ടോബർ 11ന് പ്രത്യേക സെനറ്റ് യോഗം വിളിക്കാൻ ഗവർണർ വി.സിക്ക് നിർദ്ദേശം നൽകിയെങ്കിലും, ക്വാറം തികയാത്തതിനാൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നു കാണിച്ച് അവധിയപേക്ഷ നൽകിയിരുന്നതാണെന്ന് എക്സ് ഒഫിഷ്യോ അംഗങ്ങളുടെ ഹർജിയിൽ പറയുന്നു. പുറത്താക്കാൻ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും, ഗവർണറുടെ നടപടി നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്നും ഹർജിക്കാർ വാദിച്ചു.പുറത്താക്കുന്നതിന് മുമ്പ് അംഗങ്ങളെ കേൾക്കേണ്ടതില്ലെന്നും ,ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെപ്പോലെ തുടരാനാവില്ലെന്നും ഗവർണറുടെ അഭിഭാഷൻ വാദിച്ചു.

Advertisement
Advertisement