ലഹരി വിരുദ്ധ കാമ്പെയിൻ: വിപുലമായ പരിപാടികളുമായി കുടുംബശ്രീ

Saturday 22 October 2022 1:13 AM IST

പാലക്കാട്: ലഹരി വിരുദ്ധ കാമ്പെയിനിന്റെ ഭാഗമായി വിപുലമായി പരിപാടികളാണ് കുടുംബശ്രീ നടപ്പിലാക്കുന്നത്. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിനും ബോധവത്കരണം നടത്തുന്നതിനും വേണ്ടി ജില്ലാ തലത്തിലും മുഴുവൻ പഞ്ചായത്തുകളിലും കുട്ടികളുടെ മാരത്തോണും ആശയമരവും സംഘടിപ്പിച്ചു. ബാലസഭയുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തിലും വാർഡ് തലത്തിലും തുടർ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കുടുംബശ്രീ ജില്ലാ മിഷന് കീഴിലുള്ള ജൻഡർ റിസോഴ്സ് സെന്ററുകളുടെ കീഴിൽ നാടകം, ബോധവത്കരണ ക്ലാസുകൾ, പോസ്റ്റർ നിർമാണം, ഒപ്പ് ശേഖരണം തുടങ്ങി വിവിധ തരത്തിലുള്ള ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു.

പരിപാടികൾ

ജില്ലയിലെ 30,044 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും 22 മുതൽ 25 വരെ അയൽക്കൂട്ട അംഗങ്ങളും കുടുംബാംഗങ്ങളും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും പങ്കെടുക്കുന്ന അയൽക്കൂട്ട തല ലഹരി വിരുദ്ധ സഭകൾ

22ന് പഞ്ചായത്ത് തലത്തിൽ നടക്കുന്ന ജനജാഗ്രതാ സദസുകളിൽ കുടുംബശ്രീ അംഗങ്ങൾ പങ്കെടുക്കും

24ന് അയൽകൂട്ട വീടുകളിൽ ദീപം തെളിക്കും.

28ന് സൈക്കിൾ റാലി, 30ന് ലഹരി വിരുദ്ധ ശൃംഖല, പ്രചാരണ വിളംബര ജാഥ എന്നിവ മുഴുവൻ അയൽക്കൂട്ട അംഗങ്ങളെയും ഉൾപ്പെടുത്തി പഞ്ചായത്തുകളിൽ സംഘടിപ്പിക്കും.

നവംബർ ഒന്നിന് കേരള പിറവിയോട് അനുബന്ധിച്ച് അയൽക്കൂട്ട അംഗങ്ങൾ ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമാകും.

ആദിവാസി ഊരുകളിൽ ലഹരി വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രത്യേക പദ്ധതി

Advertisement
Advertisement