ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ഭിന്നത വളർത്താൻ: മുഖ്യമന്ത്രി

Saturday 22 October 2022 1:41 AM IST

കോട്ടയം: ജനങ്ങളെ ഭിന്നിപ്പിക്കാൻ ഓരോ വിഷയം കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ളതാണ് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കമെന്നും കേന്ദ്രസർക്കാർ ഇതു തിരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളകർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം ആരും കൊതിക്കുന്ന നാടാക്കുകയാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസരംഗത്തും കാർഷിക, വ്യവസായ മേഖലകളിലും വലിയ മാറ്റം കൊണ്ടുവരാനായി. കാർഷിക, സഹകരണ മേഖലകൾ യോജിച്ചു പ്രവർത്തിക്കുന്നതിലൂടെ നേട്ടമുണ്ടായി. പച്ചക്കറിക്കും പഴത്തിനും താങ്ങുവില പ്രഖ്യാപിച്ചു. നെല്ലിന് ഉയർന്ന വില കൊടുക്കുന്നു. നെൽകൃഷിയിടങ്ങൾ വർദ്ധിച്ചു. വെള്ളൂരിൽ റബർ പാർക്ക് വന്നു. പട്ടിണിക്കാരുടെ എണ്ണത്തിൽ ഇന്ത്യ മുന്നിൽ നിൽക്കുമ്പോൾ പട്ടിണിയില്ലാത്ത സംസ്ഥാനമായി കേരളം മാറി. ആറ് വർഷമായി നവകേരള സൃഷ്ടിക്കുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമ്പോൾ വികസനം വേണ്ടെന്ന് പറഞ്ഞ് ചിലർ എതിർപ്പുമായി വരുന്നു.

കോർപ്പറേറ്റുകൾക്ക് ലാഭം വർദ്ധിപ്പിക്കാനുള്ള തീരുമാനങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇതിനെ ചെറുത്തു തോൽപ്പിക്കാനായിരുന്നു ഇന്ത്യയിലെ കർഷകർ ഒന്നിച്ചു നടത്തിയ സമരം. അവസാനം സംഘശക്തിക്കു മുന്നിൽ കേന്ദ്രസർക്കാരിന് മുട്ടുമടക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വത്സൻ പനോളി, അഖിലേന്ത്യാ കിസാൻ സഭ ദേശീയ പ്രസിഡന്റ് ഡോ.അശോക് ധാവ്ലെ, സെക്രട്ടറി ഹന്നൻമുള്ള, എസ്.രാമചന്ദ്രൻ പിള്ള, ഇ.പി.ജയരാജൻ, വൈക്കം വിശ്വൻ, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, വിജു കൃഷ്ണൻ, പി.കൃഷ്ണപ്രസാദ്, എ.വി.റസൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement