മീനങ്ങാടി പോക്സോ കേസ്; പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കി സുപ്രീംകോടതി

Saturday 22 October 2022 1:46 AM IST

 ഹൈക്കോടതി ഉത്തരവിൽ അതൃപ്തി
 സംസ്ഥാന സർക്കാരിനും വിമർശനം

ന്യൂഡൽഹി: പന്ത്രണ്ടു വയസുകാരിയെ അമ്മയുടെ സഹോദരൻ പീഡിപ്പിച്ചെന്ന മീനങ്ങാടി പോക്സോ കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിലെ ചില പരാമർശങ്ങളോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി നിരീക്ഷണം അടങ്ങിയ ഭാഗം ഉത്തരവിൽ നിന്നും സുപ്രീംകോടതി നീക്കി. മുൻകൂർ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകാത്ത സംസ്ഥാന സർക്കാരിനെയും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി പർദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. ഹൈക്കോടതി വിധിക്കെതിരെ കുട്ടിയുടെ അമ്മയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കുട്ടിയെ അമ്മാവൻ മടിയിലിരുത്തി കെട്ടിപ്പിടിക്കുകയും കവിളിലും ചുണ്ടിലും ഉമ്മവച്ചെന്നും വിവസ്ത്രയാക്കിയശേഷം അശ്ലീല പദപ്രയോഗങ്ങൾ നടത്തിയെന്നുമാണ് കുട്ടിയുടെ അമ്മയുടെ പരാതി. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാതെ അമ്മാവന്റെ വാത്സല്യത്തോടെയാണോ കെട്ടിപ്പിടിച്ചതും ഉമ്മവച്ചതുമെന്ന് അന്വേഷണത്തിലൂടെ തെളിയേണ്ട കാര്യമാണെന്നായിരുന്നു പ്രതിക്ക് മൂൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയ നിരീക്ഷണം. ഇത് തികച്ചും അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവിലെ ഈ ഭാഗം സുപ്രീംകോടതി നീക്കം ചെയ്തത്.

എന്തുകൊണ്ട്

അപ്പീൽ നൽകിയില്ല?

പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകാതിരുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. സംഭവത്തിനുശേഷം കുട്ടിയുടെ പഠനത്തെ സാരമായി ബാധിച്ച കാര്യവും ചൂണ്ടിക്കാട്ടി. കുട്ടിയുടെ അമ്മയും സഹോദരനും തമ്മിൽ വസ്തുവിന്റെ പേരിലുള്ള വഴക്കാണ് പരാതിക്ക് പിന്നിലെന്ന് പ്രതിഭാഗം വാദിച്ചു. വസ്തുവഴക്കിന്റെ പേരിൽ സ്വന്തം കുട്ടിയെ ബാധിക്കുന്ന തരത്തിലുള്ള പരാതി ഏതെങ്കിലും അമ്മ നൽകുമോയെന്ന് കോടതി ആരാഞ്ഞു. കേസ് മുമ്പ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത ലോകത്തിന് കാമഭ്രാന്ത് ആണെന്ന് വാദത്തിനിടെ പറഞ്ഞിരുന്നു.

Advertisement
Advertisement