നാല് വി.സിമാരുടെ നിയമനം ഗവർണർ പരിശോധിക്കുന്നു

Sunday 23 October 2022 12:00 AM IST

തിരുവനന്തപുരം: യു.ജി.സി ചട്ടപ്രകാരമല്ലാത്ത സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ, ഇതേ രീതിയിലുള്ള 4 വി.സിമാരുടെ നിയമനം പുന:പരിശോധിക്കാൻ ഗവർണർ നടപടി തുടങ്ങി. കണ്ണൂർ, ഫിഷറീസ്, എം.ജി. സംസ്കൃത സർവകലാശാലാ വി.സിമാരെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയുടെ ശുപാർശകൾ ഗവർണറുടെ നിർദ്ദേശപ്രകാരം രാജ്ഭവൻ ഉദ്യോഗസ്ഥർ ഇന്നലെ ശേഖരിച്ചു.

സെർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ വിവരങ്ങൾ, വി.സി നിയമനത്തിനിറക്കിയ വിജ്ഞാപനം, ലഭിച്ച അപേക്ഷകൾ, അഭിമുഖത്തിന്റെ വിവരങ്ങൾ, നൽകിയ മാർക്ക് എന്നിവ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിളിച്ചുവരുത്തും. യോഗ്യരായവരെ തഴഞ്ഞിട്ടുണ്ടോ എന്നറിയാനാണിത്.സർവകലാശാലാ കാര്യങ്ങളിൽ ചാൻസലർക്കാണ് അധികാരമെന്ന് ഇന്നലെ കൊച്ചിയിൽ അദ്ദേഹം വ്യക്തമാക്കി.സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ എല്ലാ സർവകലാശാലകൾക്കും ബാധകമായതിനാൽ,നാല് വി.സിമാർക്കും ഉടൻ നോട്ടീസ് നൽകാനാണ് ഗവർണറുടെ നീക്കം. വി.സിമാരെ വിളിച്ചു വരുത്തി ഹിയറിംഗ് നടത്തിയ ശേഷമാവും, അനന്തര നടപടി..കൊച്ചിയിലുള്ള ഗവർണർ ഇന്ന് ഉച്ചയോടെ രാജ്ഭവനിലെത്തും.

കണ്ണൂർ. സാങ്കേതിക യൂണി.

വി.സിയാക്കാൻ ഒറ്റപ്പേര്

2017ൽ കണ്ണൂർ സർവകലാശാലാ വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് സെർച്ച് കമ്മിറ്റി നൽകിയ ഒറ്റപ്പേര് പരിഗണിച്ചായിരുന്നുവെന്ന രേഖകൾ പുറത്ത്. ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം, യു.ജി.സി പ്രതിനിധി പ്രൊഫ.പി.ബലറാം, സിൻഡിക്കേറ്റ് പ്രതിനിധി ഡോ.രാജൻ ഗുരുക്കൾ എന്നിവരായിരുന്നു സമിതിയംഗങ്ങൾ. യു.ജി.സി ചട്ടവും കണ്ണൂർ സർവകലാശാലാ നിയമവും പരിഗണിച്ചായിരുന്നു ഇതെന്നാണ് ഗവർണർക്ക് സെർച്ച്കമ്മിറ്റി നൽകിയ ശുപാർശയിലുള്ളത്.

എന്നാൽ ,സർവകലാശാലയുമായോ അഫിലിയേറ്റഡ് കോളേജുകളുമായോ ബന്ധമുള്ള ഒരാളും സെർച്ച് കമ്മിറ്റിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം. വി.സി നിയമനത്തിന് മൂന്നു മുതൽ അഞ്ചു വരെ പേരുകളുള്ള പാനലും നൽകണം. സർവകലാശാലകളുടെയും കോളേജുകളുടെയും നിയന്ത്രണ സമിതിയായ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ഉപാദ്ധ്യക്ഷനാണ് രാജൻ ഗുരുക്കൾ. കെ.എം.എബ്രഹാമാവട്ടെ ,അക്കാഡമിക് വിദഗ്ദ്ധനുമല്ല. മറ്റ് സർവകലാശാലകളിലും സമാനമായ ക്രമക്കേടുകളാണുള്ളത്.

സാങ്കേതിക സർവകലാശാലാ വി.സിയായി ഡോ.എം.എസ്.രാജശ്രീയെ നിയമിക്കാൻ സെർച്ച് കമ്മിറ്റിയിലെ മൂന്നംഗങ്ങൾ മൂന്ന് ശുപാർശക്കത്തുകളിലായി അവരുടെ പേര് മാത്രമാണ് ഗവർണർക്ക് നൽകിയത്. ആദ്യ സെർച്ച് കമ്മിറ്റിയിലെ എ.ഐ.സി.ടി.ഇ പ്രതിനിധി രാജശ്രീയുടെ പേര് ശുപാർശ ചെയ്യാൻ വിസമ്മതിച്ചതിനാൽ ,സെർച്ച് കമ്മിറ്റി റദ്ദാക്കുകയും മറ്റൊരാളെ പ്രതിനിധിയാക്കി രണ്ടാമത് രൂപീകരിക്കുകയും ചെയ്തു.

Advertisement
Advertisement