അഞ്ചിന്റെ നോട്ടിലുണ്ട് പ്രിയപ്പെട്ടവളുടെ ഓർമ

Sunday 23 October 2022 1:31 AM IST

1986ലെടുത്ത കൊഞ്ചിത് കിഫ്റ്റിയുടെ ഫോട്ടോയുമായി ബാബുരാജ്- ഫോട്ടോ അനുഷ് ഭദ്രൻ

കൊച്ചി: 36 വർഷം മുൻപ് സാക്ഷരതയെക്കുറിച്ച് പഠിക്കാൻ പാലക്കാട്ടെത്തി ഒറ്റ ദിവസം കൊണ്ട് ബാബുരാജിന്റെ നെഞ്ചിലിടം പിടിച്ചതാണ് കൊഞ്ചിത് ക്വിഫ്റ്റിയെന്ന എത്യോപ്യ‌ക്കാരി. പിന്നെ തമ്മിൽ കണ്ടിട്ടില്ല. അവളുടെ ജന്മദിനം ഫെബ്രുവരി അഞ്ചാണെന്നറിയാം. ആ ഓർമയ്ക്കായി വിവിധ രാജ്യങ്ങളിലെ അഞ്ചിന്റെ മൂല്യമുള്ള നോട്ടുകൾ ശേഖരിക്കുകയാണ് തേൻകുറിശ്ശിക്കാരൻ ഫോട്ടോഗ്രാഫർ കെ.ബി. ബാബുരാജ്.

1986ൽ പാലക്കാട് കണ്ണാടി പഞ്ചായത്തിൽ കൊഞ്ചിത് പങ്കെടുത്ത പരിപാടിയുടെ ഫോട്ടോയെടുക്കാൻ ചെന്ന ബാബുരാജ് അവരുമായി ദീർഘനേരം സംസാരിക്കുകയും സൗഹൃദത്തിലാവുകയുമായിരുന്നു. പിന്നീട് ചിത്രങ്ങൾ തിരുവനന്തപുരത്ത് കൊഞ്ചിത് താമസിച്ചിരുന്ന വിലാസത്തിൽ അയച്ചു. ബാബുരാജിന് സ്റ്റാമ്പുകളോടുള്ള ഇഷ്ടമറിഞ്ഞ് കുറേ എത്യോപ്യൻ സ്റ്റാമ്പുകൾ മറുപടിയായെത്തി. അവർ ആവശ്യപ്പെട്ട ഇന്ത്യൻ സ്റ്റാമ്പുകൾ തിരികെ അയച്ചു. പിന്നെ എഴുത്തുകുത്തൊന്നുമുണ്ടായില്ല.

സ്റ്റുഡിയോയും സ്റ്റാമ്പ് ശേഖരണവുമൊക്കെയായി മുന്നോട്ടുപോകുന്നതിനിടെ കൊവിഡുകാലത്ത് ലോക്കായപ്പോഴാണ് ഇപ്പോൾ എവിടെയെന്നുപോലും അറിയില്ലാത്ത കൊഞ്ചിതിനെപ്പറ്റി ബാബുരാജ് വീണ്ടും ഓർത്തത്. അഞ്ചുരൂപ നോട്ടുകൾ ശേഖരിക്കാൻ ന്യുമി‌സ്മാ‌റ്റിക്‌സ് സുഹൃത്തുക്കളും മറ്റും സഹായിച്ചു. പലരാജ്യങ്ങളിൽ നിന്നായി നോട്ടുകളെത്തി.

മൂന്ന് ലക്ഷം ചെലവിട്ട്

267 നോട്ട്
മൂന്ന് വർഷം മുൻപാണ് നോട്ട് ശേഖരിച്ച് തുടങ്ങിയത്. ലോക്ക്ഡൗണിൽ ഗൾഫിലെ സുഹൃത്തുക്കൾവഴി പോസ്റ്റലായും കൊറിയറായും നോട്ടുകളെത്തി. 267ഇടങ്ങളിലെ നോട്ടുകൾ ബാബുരാജിന്റെ കൈവശമുണ്ട്. മൂന്ന് ലക്ഷത്തിലേറെ രൂപ ഇതിന് ചെലവായി. സ്വിറ്റ്സർലൻഡ് നോട്ടിന് മാത്രം 8,000 രൂപ വേണ്ടിവന്നു. ഒന്നാംലോക മഹായുദ്ധകാലത്തെ റഷ്യ, ജർമനി,​ ഓസ്ട്രിയ, നോർത്ത് റഷ്യ, സ്പാനിഷ് ക്യൂബ, ജപ്പാൻ-ബർമ്മ, ഈസ്റ്റ് പാകിസ്ഥാൻ എന്നിങ്ങനെ പോകുന്നു നോട്ടുകൾ

പ്രദർശനം സ്‌കൂളുകളിൽ
66 സ്‌കൂളുകളിൽ നോട്ടുകൾ പ്രദർശിപ്പിച്ചു. റവന്യൂ ഉദ്യോഗസ്ഥയായ ഭാര്യ ഷൈലജയും മക്കളായ ദീപക്കും ദിയയും പിന്തുണയുമായി ഒപ്പമുണ്ട്.

ഈ വിനോദം നൽകുന്ന സംതൃപ്തി നിസാരമല്ല. നാട്ടുരാജ്യങ്ങളുടെ അഞ്ചുരൂപാ ശേഖരിക്കണമെന്നാണ് ആഗ്രഹം.
കെ.ബി. ബാബുരാജ്

Advertisement
Advertisement