സഹകരണ ബാങ്കിന്റെ മറവിൽ സി.പി.എം നടത്തിയ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് എസ്. രാജേന്ദ്രൻ

Sunday 23 October 2022 1:38 AM IST

ഇടുക്കി: മൂന്നാ‌ർ സർവീസ് സഹകരണ ബാങ്കിന്റെ മറവിൽ സി.​പി.എം നേതാക്കൾ നടത്തുന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ. രണ്ടുവർഷം മുമ്പ് സി.പി.എം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്ക് 29.5 കോടി രൂപ മുടക്കി റിസോർട്ട് വാങ്ങിയിരുന്നു. ബാങ്കിനെതിരെയും ഭരണസമിതിക്കെതിരെയും ഹൈക്കോടതിയിലടക്കം കേസ് നിലനിൽക്കുന്നതിനിടെ നടത്തിയ സാമ്പത്തിക ഇടപാട് അന്വേഷിക്കണം. മണിയുള്ള പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അംഗത്വം പുതുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പച്ചക്കള്ളം പറയുന്ന എം.എം. മണി നിലവാരമുള്ള നേതാവല്ല. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. കൂട്ടത്തിലുള്ള ആളുകളെ കള്ളക്കേസിൽ കുടുക്കുകയാണ്. സി.പി.എം പ്രാദേശിക ഘടകത്തിന്റെ അറിവോടെയാണിത്. പല പാർട്ടികളും തന്നെ സമീപിച്ചിരുന്നു. തത്കാലം മറ്റൊരു പാർട്ടിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.

അതേസമയം റിസോർട്ട് വിഷയത്തിൽ അന്വേഷണം നടത്തിയാൽ രാജേന്ദ്രൻ തന്നെ പെടുമെന്ന് മുൻ മന്ത്രി എം.എം. മണി മറുപടി പറഞ്ഞു. രാജേന്ദ്രനെ രാജേന്ദ്രനാക്കിയ പാർട്ടിക്കെതിരെ അദ്ദേഹം തിരിഞ്ഞിരിക്കുകയാണ്. രാജേന്ദ്രൻ പാർട്ടിക്കെതിരെ പ്രവർത്തിച്ചതുകൊണ്ടാണ് നടപടിയെടുത്തത്. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ തനിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിയമോപദേശം നേടിയാണ് റിസോർട്ട് വാങ്ങിയതെന്നും ക്രമക്കേട് നടന്നു എന്നതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെയെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. ശശി പറഞ്ഞു.

എസ്. രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് കഴിഞ്ഞദിവസം എം.എം. മണി നടത്തിയ പ്രസംഗമാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാക്‌പോര് രൂക്ഷമാക്കിയത്.

Advertisement
Advertisement