കൊഹ്ലി ഇന്ത്യൻ ടീമിന്റെ ഒരേ ഒരു രാജാവ്, മാസ്മരിക വിജയത്തിന് ശേഷം താരത്തിന് അഭിനന്ദനവുമായി സച്ചിൻ ടെൻഡുൽക്കർ

Sunday 23 October 2022 7:51 PM IST

മുംബയ്: ഓസ്ട്രേലിയ വേദിയാകുന്ന ടി20 ലോകകപ്പിലെ ആദ്യമത്സരത്തിലെ പാകിസ്ഥാനെതിരെയുള്ള അട്ടിമറി വിജയത്തിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് ഇന്ത്യൻ താരം വിരാട് കൊഹ്ലി. അവസാന നിമിഷം വരെ ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ മത്സരം കൊഹ്ലിയുടെ അർധശതകത്തിന്റെ കരുത്തിലായിരുന്നു ഇന്ത്യൻ ടീം വിജയമണഞ്ഞത്. ടീമിനെ ഉജ്വല ബാറ്റിംഗ് പ്രകടനത്തിലൂടെ വിജയത്തിലേയ്ക്ക് നയിച്ചതിന് പിന്നാലെ കൊഹ്ലിയെ അഭിനന്ദന പ്രവാഹം കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകത്തെ പ്രമുഖർ. ഫോമില്ലായ്മ അലട്ടിയിരുന്ന കൊഹ്ലിയ്ക്ക് നേരെ ഉയർന്ന വിമർശനങ്ങളുടെ മുനയൊടിക്കുന്ന തരത്തിലുള്ള പ്രകടനം കണ്ട് താരത്തിന്റെ ആരാധകരും ഏറെ സന്തോഷത്തിലാണ്. അതിനിടയിൽ ഇരട്ടി മധുരമെന്ന പോലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ കൊഹ്ലിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി.

കൊഹ്ലിയുടെ കായിക ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് ഇന്ന് കാഴ്ചവെച്ചത് എന്ന് നിസംശയം പറയാം എന്നായിരുന്നു സച്ചിൻ ട്വിറ്ററിൽ കുറിച്ചത്. നിങ്ങളുടെ കളി കാണുന്നത് തന്നെ മനോഹരമായിരുന്നു. പ്രത്യേകിച്ച് പത്തൊമ്പതാം ഓവറില്‍ ബാക് ഫൂട്ടില്‍ നിന്ന് ഹാരിസ് റൗഫിനെതിരെ ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ ആ സിക്സര്‍. മികച്ച പ്രകടനം ഇനിയും തുടരു. സച്ചിൻ ട്വീറ്റിൽ തുടർന്ന് കുറിച്ചു.

സച്ചിനെ കൂടാതെ മുൻ ഇന്ത്യൻ താരങ്ങളായ സേവാംഗും യുവരാജ് സിംഗും അടക്കമുള്ള നിരവധി താരങ്ങൾ കൊഹ്ലിയ്ക്ക് ആശംസകളറിയിച്ചിട്ടുണ്ട്. ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ അവസാന പന്തിലായിരുന്നു ഇന്ത്യ ആവേശകരമായ വിജയം നേടിയത്. 160 റൺസ് ലക്ഷ്യം നേടാനിറങ്ങിയ ഇന്ത്യയ്‌ക്ക് നാല് വിക്കറ്റുകൾ നഷ്‌ടപ്പെട്ട് തകർച്ചയെ നേരിട്ടപ്പോൾ കൊഹ്‌ലിയും ഹാർദ്ദിക് പാണ്ഡ്യയും ചേർന്നാണ് ത്രസിപ്പിക്കുന്ന ജയം കൈക്കലാക്കാൻ സഹായിച്ചത്. കൊഹ്‌ലി പുറത്താകാതെ 53 പന്തുകളിൽ 82 റൺസ് നേടി. ആറ് ഫോറുകളും നാല് സിക്‌സറുകളുമടങ്ങിയതായിരുന്നു കൊഹ്‌ലിയുടെ ഇന്നിംഗ്സ്. ഹാർദ്ദിക് 37 പന്തിൽ 40 റൺസ് നേടി പുറത്തായി. കൊഹ്ലി മികച്ച ഫോം വീണ്ടെടുത്തത് ഇന്ത്യൻ ടീമിന്റെ ലോകകപ്പ് പ്രതീക്ഷ കൂടുതൽ സജീവമാക്കിയിരിക്കുകയാണ്.