സ്കൂൾ കലോത്സവം: ഒരു കുട്ടിക്ക് 5 മത്സരത്തിലേ പങ്കെടുക്കാനാകൂ

Monday 24 October 2022 2:20 AM IST

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ അറബിക്, സംസ്‌കൃത കലോത്സവത്തിലും ജനറൽ വിഭാഗത്തിലുമായി ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാവുന്ന മത്സരങ്ങളുടെ എണ്ണത്തിൽ കുറവു വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. അറബിക്, സംസ്‌കൃത, ജനറൽ കലോത്സവങ്ങളിലുൾപ്പെടെ ഒരാൾക്ക് അഞ്ച് മത്സരങ്ങളിൽ മാത്രമേ പങ്കെടുക്കാനാകൂവെന്നാണ് ഒക്ടോബർ 14ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും മാത്രം ഒരു വിദ്യാർത്ഥിക്ക് മത്സരിക്കാം.

അറബിക്, സംസ്‌കൃത കലോത്സവങ്ങൾ മറ്റൊരു വിഭാഗമായാണ് ഇത്തവണ രജിസ്റ്റർ ചെയ്തിരുന്നത്. നേരത്തേ ഈ വിഭാഗങ്ങളിൽ അഞ്ചെണ്ണത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കും ജനറൽ വിഭാഗത്തിൽ 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു. ഇനിയത് ഉണ്ടാകില്ല. പുതിയ രീതിക്കനുസരിച്ച് സോഫ്ട് വെയറിൽ മാറ്റം വരുത്തണമെന്നും കേരള സ്കൂൾ കലോത്സവത്തിൽ അറബിക്, സംസ്കൃത മത്സരയിനങ്ങൾ പ്രത്യേകമായി പരിഗണിക്കേണ്ടതില്ലെന്നും നിർദ്ദേശമുണ്ട്. ഉപജില്ലാ കലോത്സവത്തിന് പേര് രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുമ്പോഴാണ് അദ്ധ്യാപകർ പോലും പുതിയ മാറ്റം അറിഞ്ഞത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി അറബിക് അദ്ധ്യാപക സംഘടനകൾ രംഗത്തെത്തി. കുട്ടികൾക്ക് പങ്കെടുക്കാവുന്ന മത്സരങ്ങളുടെ എണ്ണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംഘടനകൾ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.