നാട്ടുകാരുടെ പ്രിയപ്പെട്ട അശ്വിൻ ഇനി ഓർമ്മ; ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ

Monday 24 October 2022 10:50 AM IST

കാസർകോട്: അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികൻ കെ വി അശ്വിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. കഴിഞ്ഞ ദിവസം രാത്രി ചെറുവത്തൂരിലെത്തിച്ച മൃതദേഹം രാവിലെ നാട്ടിലെ വായനശാലയിൽ പൊതുദർശനത്തിന് വച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടറും മന്ത്രി അഹമ്മദ് ദേവർകോവിലും അശ്വിന് അന്ത്യാ‌ഞ്ജലി അർപ്പിച്ചു. വായനശാലയിൽ ഒന്നര മണിക്കൂറോളം പൊതുദർശനത്തിന് വച്ച ശേഷം കിഴക്കേമുറിയിലെ വീട്ടിലെത്തിച്ചു. വീട്ടുവളപ്പിൽ സൈനിക ബഹുമതികളോടെയാണ് സംസ്കാരം.

മാതാപിതാക്കളും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിൻ. പത്തൊൻപതാം വയസിൽ ബിരുദ പഠനത്തിനിടെ ഇലക്ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എഞ്ചിനീയറായിട്ടാണ് സൈന്യത്തിൽ പ്രവേശിച്ചത്. ഓണാവധിക്ക് നാട്ടിലെത്തിയ അശ്വിൻ ഒരു മാസം മുമ്പാണ് തിരികെ പോയത്. നാട്ടിലെത്തുമ്പോഴെല്ലാം പൊതുരംഗത്തും കായിക രംഗത്തും സജീവമായിരുന്നു അശ്വിൻ.