പ്ലാസ്റ്റിക് കവറിൽ മൃതദേഹം കൊച്ചിയിൽ കൊല്ലപ്പെട്ടത് നേപ്പാളി യുവതി; പങ്കാളിക്കായി അന്വേഷണം

Wednesday 26 October 2022 1:37 AM IST

കൊച്ചി: എറണാകുളം എളംകുളത്ത് നേപ്പാൾ സ്വദേശി ലക്ഷ്മിയെ (35) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം തുണിയിലും പ്ലാസ്റ്റിക്ക് കവറിലും പൊതിഞ്ഞ് വാടകവീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന നേപ്പാൾ സ്വദേശി റാം ബഹാദൂർ ബിസ്തിനെ (46) പൊലീസ് തെരയുന്നു. ഹെയ‌‌ർ ഫിക്സിംഗ് ടെക്നിഷ്യനായ ഇയാൾ കേരളം വിട്ടതായി കരുതുന്നു. 21ന് ശേഷം ഫോൺ സ്വിച്ച് ഓഫാണ്. പങ്കാളിയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

മഹാരാഷ്ട്ര സ്വദേശികളും ദമ്പതികളുമാണെന്നാണ് വീട്ടുടമയെ ധരിപ്പിച്ചിരുന്നത്. വാടകക്കരാറിനൊപ്പം നൽകിയിരുന്നത് വ്യാജരേഖയാണ്. ഇരുവരുടെയും പേരും വിലാസവും ഉറപ്പിക്കാനായിട്ടില്ല. അഞ്ച് ദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹം ഇൻക്വസ്റ്റിനു ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

എളംകുളം രവീന്ദ്രൻ റോഡിൽ പരേതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ടി.കെ. നാരായണന്റെ വീടും മതിലുമായി ചേർത്ത് നിർമ്മിച്ച ഒറ്റമുറിയിൽ ഒന്നര വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം മുറിയിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ വീട്ടുടമയോട് പരാതിപ്പെട്ടു. തിങ്കളാഴ്ച മുറി പരിശോധിച്ചപ്പോൾ പ്ലാസ്റ്രിക് കവറിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. താമസക്കാരെ കാണാത്തതിനാൽ പൊലീസിനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് അഴുകിയ ജഡം കണ്ടത്. 20വരെ ലക്ഷ്മിയെ ഇവിടെ കണ്ടിരുന്നതായ വീട്ടുടമയായ സ്ത്രീ പറഞ്ഞു. 20-21 തീയതികളിലായിരിക്കും കൊലപാതകമെന്നാണ് കരുതുന്നത്.

റാം ബഹാദൂറിന്റെ മൊബൈൽ ടവർ ലോക്കേഷൻ പരിശോധിച്ചപ്പോൾ എളംകുളത്തു തന്നെ ഫോൺ ഓഫായെന്ന് വ്യക്തമായി. ഇയാൾ ഒടുവിൽ വിളിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ചിലരെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.

പത്തുവർഷം മുമ്പ് കൊച്ചിയിലെത്തിയ റാം ബഹാദൂർ ഏഴ് മാസം മുമ്പു വരെ ഗാന്ധിനഗറിലെ ഹെയർ ഫിക്സിംഗ് സ്ഥാപനത്തിലായിരുന്നു. പിന്നീട് വാടകവീട് കേന്ദ്രീകരിച്ച് സ്വന്തമായി ഹെയർ ഫിക്സിംഗ് ആരംഭിച്ചു.