രഹ്‌ന ഫാത്തിമയും മുൻ പങ്കാളിയും നിരന്തരം പീഡിപ്പിച്ചു; പൊലീസിൽ പരാതി നൽകി മാതാവ്

Wednesday 26 October 2022 9:02 PM IST

ആലപ്പുഴ: ആക്‌ടിവിസ്‌റ്റ് രഹ്ന ഫാത്തിമയ്‌ക്കും മുൻ പങ്കാളിയ്‌ക്കുമെതിരെ പീഡന പരാതിയുമായി മാതാവ് പ്യാരി. ആലപ്പുഴ നോ‌ർത്ത് പൊലീസ് സ്‌റ്റേഷനിൽ പ്യാരി നൽകിയ പരാതിയനുസരിച്ച് രഹ്നയും മുൻ പങ്കാളിയായ മനോജ് കെ ശ്രീധറും ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിക്കുകയാണെന്നാണ് ആരോപണം. പ്യാരിയുടെ ഏക മകളാണ് രഹ്ന ഫാത്തിമ. മകളും മരുമകനും പീഡിപ്പിക്കുന്നു എന്നാണ് ഇവർ പരാതിപ്പെട്ടത്.

എറണാകുളത്ത് ഫ്ളാറ്റിൽ മകളോടൊപ്പമാണ് താൻ താമസിച്ചിരുന്നതെന്നും നിരന്തര പീഡനത്തെ തുടർന്ന് ഇപ്പോൾ ആലപ്പുഴയിൽ ബന്ധുവീട്ടിലേക്ക് മാറിയെന്നും പ്യാരി പരാതിപ്പെടുന്നു. എന്നാൽ ബന്ധുവീട്ടിലും ഇരുവരും എത്തി ഭീഷണിപ്പെടുത്തുന്നത് തുടർന്നതോടെയാണ് പരാതി നൽകിയത്. ജീവന് ഭീഷണിയുള‌ളതുകൊണ്ടാണ് മകളുടെ വീട്ടിൽ നിന്നും ബന്ധുവീട്ടിലേക്ക് പോകേണ്ടി വന്നത്. രണ്ടുമാസമായി ഇവിടെയാണ് താമസിക്കുന്നത്. എന്നാൽ ഇതോടെ ബന്ധുക്കളെയും ഫോണിൽ വിളിച്ച് രഹ്ന ഭീഷണിപ്പെടുത്തുന്നുണ്ടെന്നാണ് പരാതി.

മകൾക്കൊപ്പം താമസിക്കാൻ താൽപര്യമില്ല. ബന്ധുക്കളെ ശല്യം ചെയ്യരുതെന്ന് താക്കീത് ചെയ്യണം. പ്യാരി നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് പൊലീസ് രഹ്ന ഫാത്തിമയെ വിളിച്ചുവരുത്തി ഉപദ്രവമോ ഭീഷണിയോ പരാതിക്കാരിയ്‌ക്ക് ഉണ്ടാകരുതെന്നും പൊലീസ് താക്കീത് ചെയ്‌ത് വിട്ടു.