ബൈജൂസ് കേരളം വിടുന്നു; നഷ്ടം നികത്താനെന്ന് സൂചന

Friday 28 October 2022 3:41 AM IST

 ജീവനക്കാർക്കുമേൽ രാജിസമ്മർദ്ദം

തിരുവനന്തപുരം: മലയാളിയായ ബൈജു രവീന്ദ്രന്റെ വിദ്യാഭ്യാസ ആപ്പ് കമ്പനിയായ ബൈജൂസ് തിങ്ക് ആൻഡ് ലേൺ കേരളം വിടാനൊരുങ്ങുന്നതായി സൂചന. ടെക്നോപാർക്കിലെ കാർണിവൽ ബിൽഡിംഗിലെ ബൈജൂസ് ഡെവലപ്മെന്റ് സെന്ററാണ് പൂട്ടാനൊരുങ്ങുന്നത്.

ഇവിടുള്ള 170ലേറെ ജീവനക്കാരിൽ ചിലരോട് രാജി ആവശ്യപ്പെട്ടെന്നും തിരുവനന്തപുരം ഓഫീസ് പൂട്ടുമ്പോൾ ജീവനക്കാർക്ക് ബംഗളൂരുവിലേക്ക് മാറാൻ ഓപ്ഷൻ നൽകിയെന്നും സൂചനയുണ്ട്. രാജ്യത്തെമ്പാടുമായി 2,500ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടേക്കുക. പകരം ഓഫ്‌ലൈൻ ട്യൂഷൻകേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി പതിനായിരം അദ്ധ്യാപകരെ റിക്രൂട്ട് ചെയ്യാനും നീക്കമുണ്ട്. നിലവിൽ 20,000 അദ്ധ്യാപകർ കമ്പനിയിലുണ്ട്.

2021 സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണിത്. നോട്ടീസ് പോലും ഇല്ലാതെ ആപ്പ് ഡെവലപ്‌മെന്റ് ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ഐ.ടി രംഗത്തുള്ളവർ പറയുന്നു.

നഷ്ടപരിഹാരമായി മൂന്നുമാസ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ബൈജൂസിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ ഉന്നയിച്ച് ടെക്‌നോപാർക്കിലെ തൊഴിലാളി കൂട്ടായ്മയായ പ്രതിധ്വനിയുടെ പ്രതിനിധികൾ മന്ത്രി വി.ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബൈജൂസിലെ ജീവനക്കാരുമായും പ്രതിധ്വനി പ്രതിനിധികളുമായും ഇന്നലെ ലേബർ കമ്മിഷണർ ചർച്ച നടത്തി. അടുത്തഘട്ടമെന്ന നിലയിൽ കമ്പനി മാനേജ്‌മെന്റുമായി സംസാരിച്ചേക്കും. കമ്പനിക്ക് തൊഴിൽവകുപ്പ് നോട്ടീസും നൽകിയിട്ടുണ്ട്.

Advertisement
Advertisement