ബൈ,ബൈ... ബാഴ്സലോണ

Thursday 27 October 2022 11:31 PM IST

ബയേണിനോട് 3-0ത്തിന് തോറ്റ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ കാണാതെ പുറത്ത്

ലെവർകൂസനോട് പെനാൽറ്റി പാഴാക്കി സമനില വഴങ്ങിയ അത്‌ലറ്റിക്കോയും പുറത്ത്

ബയേൺ മ്യൂണിക്ക്,ലിവർപൂൾ,നാപ്പോളി,ക്ളബ് ബ്രുഗെ,പോർട്ടോ,ഇന്റർ മിലാൻ പ്രീ ക്വാർട്ടറിൽ

ബാഴ്സലോണ : യുവേഫ ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ മൂന്നാം തോൽവിയും ഏറ്റുവാങ്ങി മുൻ ചാമ്പ്യന്മാരായ ബാഴ്സലോണ പ്രീ ക്വാർട്ടറിന്റെ പടി കടക്കാതെ പുറത്തായി. കഴിഞ്ഞ രാത്രി സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിനോട് എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് ബാഴ്സ കീഴടങ്ങിയത്. നേരത്തേ ബയേണിനെതിരായ എവേ മാച്ചിലും ബാഴ്സ തോറ്റിരുന്നു.

ഗ്രൂപ്പ് സിയിൽ ബാഴ്സ-ബയേൺ പോരാട്ടത്തിന് മുന്നേ നടന്ന മത്സരത്തിൽ ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാൻ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് ചെക്ക് ക്ളബ് വിക്ടോറിയ പ്ളസനെ തോൽപ്പിച്ചപ്പോൾതന്നെ ബാഴ്സയുടെ പുറത്താകൽ ഉറപ്പായിരുന്നു.എങ്കിലും എവേ മാച്ചിലെ 2-0ത്തിന്റെ തോൽവിക്ക് പകരം വീട്ടാനിറങ്ങിയ ബാഴ്സ സ്വന്തം കളിമുറ്റത്ത് അതിലും വലിയ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങിയ ബാഴ്സ ഫൈനൽ വിസിലിന് നിമിഷങ്ങൾക്ക് മുമ്പ് മൂന്നാം ഗോളും ഏറ്റുവാങ്ങുകയായിരുന്നു. 10-ാം മിനിട്ടിൽ സാഡിയോ മാനേയിലൂടെയാണ് ബയേൺ സ്കോറിംഗ് തുടങ്ങിവച്ചത്. 31-ാം മിനിട്ടിൽ ചൗപ്പോ മോട്ടിംഗാണ് രണ്ടാം ഗോൾ നേടിയത്. ഇൻജുറി ടൈമിൽ ബെഞ്ചമി പൊവാഡ് മൂന്നാം ഗോളും നേടി.

ഗ്രൂപ്പ് റൗണ്ടിലെ അഞ്ചാം മത്സരത്തിലും മൊഞ്ചുള്ള വിജയം നേടിയ ബയേൺ നേരത്തേതന്നെ പ്രീ ക്വാർട്ടറിലെത്തിയിരുന്നു. വിക്ടോറിയയ്ക്ക് എതിരായ വിജയം ഇന്ററിനെ 10 പോയിന്റിലെത്തിച്ചു. ആദ്യ മത്സരത്തിൽ വിക്ടോറിയയ്ക്ക് എതിരെ മാത്രം ജയിക്കാനായ ബാഴ്സയ്ക്ക് നാലുപോയിന്റ് മാത്രമേയുള്ളൂ.അടുത്ത മത്സരത്തിൽ വിക്ടോറിയയെ തോൽപ്പിച്ചാലും ബാഴ്സയ്ക്ക് ഗ്രൂപ്പിൽ മൂന്നാമന്മാരായി പുറത്തുപോകേണ്ടിവരും.

അവസാന നിമിഷം

സമനില 'തെറ്റി'

അത്‌ലറ്റിക്കോ

ഗ്രൂപ്പ് ബിയിൽ ഇൻജുറി ടൈമിന്റെ എട്ടാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി പാഴാക്കി സമനിലയിലായിപ്പോയ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനും ബാഴ്സയെപ്പോലെ പ്രീ ക്വാർട്ടർ കാണാതെ മടങ്ങേണ്ടിവന്നു. ജർമ്മൻ ക്ലബ് ബയേർ ലെവർകൂസന് എതിരായ മത്സരത്തിലാണ് അത്‌ലറ്റിക്കോയ്ക്ക് പെനാൽറ്റിയും പ്രീ ക്വാർട്ടറും മിസായത്.

അത്‌ലറ്റിക്കോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ഒൻപതാം മിനിട്ടിൽ ഡയാൻബിയിലൂടെ ലെവർകൂസനാണ് ആദ്യം സ്കോർ ചെയ്തത്. 22-ാം മിനിട്ടിൽ കരാസ്കോയിലൂടെ ആതിഥേയർ സമനിലയിലെത്തി. എന്നാൽ 29-ാം മിനിട്ടിൽ ഹഡ്സൺ ഒഡോയ് വീണ്ടും ജർമ്മൻ ക്ളബിനെ മുന്നിലെത്തിച്ചു.50-ാം മിനിട്ടിൽ ഡിപോളിലൂടെ അത്‌ലറ്റിക്കോ പിന്നെയും സമനിലയിലെത്തി. കളിതീരാൻ നിമിഷങ്ങൾ ശേഷിക്കവേ ഹാൻഡ്ബാൾ ഫൗളിന് റഫറി അത്‌ലറ്റിക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. എന്നാൽ കരാസ്കോ എടുത്ത കിക്ക് ലെവർകൂസൻ ഗോളി ഹ്റാഡെസ്ക സേവ് ചെയ്യുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ എഫ്.സി പോർട്ടോയെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തോൽപ്പിച്ച ക്ളബ് ബ്രുഗെയും പോർട്ടോയുമാണ് ബി ഗ്രൂപ്പിൽ നിന്ന് പ്രീക്വാർട്ടറിൽ കടന്നത്. ബ്രുഗെയ്ക്ക് പത്തും പോർട്ടോയ്ക്ക് ഒൻപതും പോയിന്റാണുള്ളത്. അത്‌ലറ്റിക്കോയ്ക്ക് ഒരു മത്സരം ശേഷിക്കേ അഞ്ചു പോയിന്റാണുള്ളത്.

നാപ്പോളി 'പൊളി'യാണ്

ഈ സീസണിലെ അഞ്ചാം മത്സരത്തിലും വിജയിച്ച് ഇറ്റാലിയൻക്ളബ് നാപ്പോളി പ്രീക്വാർട്ടറിലെത്തി.കഴിഞ്ഞരാത്രി മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് സ്കോട്ടിഷ് ക്ളബ് റേഞ്ചേഴ്സിനെ തോൽപ്പിച്ച നാപ്പോളി സീസണിൽ ഇതുവരെയുള്ള അഞ്ചുമത്സരങ്ങളിൽ നിന്ന് 20 ഗോളുകളും തികച്ചു. ചാമ്പ്യൻസ് ലീഗിന്റെ പ്രാഥമിക റൗണ്ടിൽ നിന്ന് 20 ഗോളുകൾ നേടുന്ന ആദ്യ ഇറ്റാലിയൻ ക്ളബാണ് നാപ്പോളി. ഈ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്ളബും നാപ്പോളിതന്നെ. ക്ളബിന്റെ തുടർച്ചയായ 12-ാം വിജയമായിരുന്നു ഇത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡച്ച് ക്ളബ് അയാക്സിനെ 3-0ത്തിന് തോൽപ്പിച്ച് ലിവർപൂൾ പ്രീക്വാർട്ടറിലെത്തി.മുഹമ്മദ് സലാ,ന്യൂനസ്,എലിയട്ട് എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.ഗ്രൂപ്പ് എയിൽ 15 പോയിന്റുള്ള നാപ്പോളിക്ക് പിന്നിൽ 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ലിവർപൂൾ.

പ്രീക്വാർട്ടറിന്റെ വക്കത്ത്

ടോട്ടൻഹാം

ഗ്രൂപ്പ് ഡിയിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ പോർച്ചുഗീസ് ക്ളബ് സ്പോർട്ടിംഗ് സി.പിയുമായി 1-1ന് സമനിലയിൽ പിരിഞ്ഞ ടോട്ടൻഹാമിന് അടുത്ത മത്സരത്തിൽ മാഴ്സയെ തോൽപ്പിക്കാനായാൽ പ്രീക്വാർട്ടറിലെത്താം. 22-ാം മിനിട്ടിൽ എഡ്വാർഡ്സിലൂടെ ലീഡ് ചെയ്തിരുന്ന സ്പോർട്ടിംഗിനെ 80-ാംമിനിട്ടിലെ ബെന്റാംഗറിന്റെ തകർപ്പൻ ഹെഡറിലൂടെയാണ് ടോട്ടൻഹാം സമനിലയിൽ പിടിച്ചത്. ഇതോടെ അഞ്ചുമത്സങ്ങളിൽ നിന്ന് എട്ടുപോയിന്റുള്ള ടോട്ടൻഹാം ഗ്രൂപ്പിൽ ഒന്നാമതാണ്. ഏഴുപോയിന്റ് വീതമുള്ള സ്പോർട്ടിംഗും എയ്ൻട്രാക്ടും യഥാക്രമം രണ്ടാം മൂന്നും സ്ഥാനങ്ങളിലാണ്. നാലാമതുള്ളമാഴ്സെയ്ക്ക് ആറുപോയിന്റാണ്. അവസാന ഗ്രൂപ്പ് മത്സരംകഴിയുംവരെ ഗ്രൂപ്പിലെ നാലുടീമുകൾക്കും പ്രീക്വാർട്ടർ പ്രതീക്ഷ പുലർത്താമെന്ന് സാരം.

മത്സരഫലങ്ങൾ

ബയേൺ മ്യൂണിക്ക് 3 - ബാഴ്സലോണ 0

പോർട്ടോ 4-ക്ളബ് ബ്രുഗെ 0

ഇന്റർ മിലാൻ 4- വിക്ടോറിയ പ്ളസൻ 0

ലിവർപൂൾ 3- അയാക്സ് 0

അത്‌ലറ്റിക്കോ 2- ലെവർകൂസൻ 2

ഫ്രാങ്ക്ഫർട്ട് 2- മാഴ്സെ 1

നാപ്പോളി 3- റേഞ്ചേഴ്സ് 0

ടോട്ടൻഹാം 1-സ്പോർട്ടിംഗ് 1

പോയിന്റ് നില

(ക്ളബ്,കളി,ജയം,സമനില,പോയിന്റ്,തോൽവി എന്ന ക്രമത്തിൽ )

ഗ്രൂപ്പ് എ

നാപ്പോളി 5-5-0-0-15

ലിവർപൂൾ 5-4-0-1-12

അയാക്സ് 5-1-0-4-3

റേഞ്ചേഴ്സ് 5-0-0-5-0

ഗ്രൂപ്പ് ബി

ക്ളബ് ബ്രുഗെ 5-3-1-1-10

പോർട്ടോ 5-3-0-2-9

അത്‌ലറ്റിക്കോ 5-1-2-2-5

ലെവർകൂസൻ 5-1-1-3-4

ഗ്രൂപ്പ് സി

ബയേൺ മ്യൂണിക്ക് 5-5-0-0-15

ഇന്റർ മിലാൻ 5-3-1-1-10

ബാഴ്സലോണ 5-1-1-3-4

വിക്ടോറിയ പ്ളസൻ 5-0-0-5-0

ഗ്രൂപ്പ് ഡി

ടോട്ടൻഹാം 5-2-2-1-8

സ്പോർട്ടിംഗ് 5-2-1-2-7

എയ്ൻട്രാൻക്ട് 5-2-1-2-7

മാഴ്സെ 5-2-0-3-6

ഗ്രൂപ്പ് ഇ

ചെൽസി 5-3-1-1-10

എ.സി മിലാൻ 5-2-1-2-7

സാൽസ്ബർഗ് 5-1-3-1-6

സാഗ്രെബ് 5-1-1-3-4

ഗ്രൂപ്പ് എഫ്

റയൽ മാഡ്രിഡ് 5-3-1-1-10

ലെയ്പ്സിഗ് 5-3-0-2-9

ഷാക്തർ 5-1-3-1-6

കെൽറ്റിക് 5-0-2-3-2

ഗ്രൂപ്പ് ജി

മാഞ്ചസ്റ്റർ സിറ്റി 5-3-2-0-11

ഡോർട്ട്മുണ്ട് 5-2-2-1-8

സെവിയ്യ 5-1-2-2-5

കോപ്പൻഹേഗൻ 5-0-2-3-2

ഗ്രൂപ്പ് എച്ച്

പി.എസ്.ജി 5-3-2-0-11

ബെൻഫിക്ക 5-3-2-0-11

യുവന്റസ് 5-1-0-4-3

മക്കാബി ഹൈഫ 5-1-0-4-3

Advertisement
Advertisement