മുംബയ്‌ക്കാരോട് ജാവോന്ന് പറയണം, ആരാധകരുടെ അപ്രീതി മാറ്റണം

Thursday 27 October 2022 11:41 PM IST

കൊച്ചിയിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് - മുംബയ് സിറ്റി പോരാട്ടം

കൊച്ചി: വിജയപാതയിലേക്ക് തിരിച്ചെത്തണം. മുംബയ്ക്കാരോട് ജാവോന്ന് പറയണം ! ഐ.എസ്.എല്ലിൽ നാലാം അങ്കത്തിന് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം ഇതുമാത്രമാണ്. കൊച്ചി ജവർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് പോരാട്ടം. ഒഡീഷ എഫ്.സിയെ വീഴ്ത്തിയ കരുത്തോടെയാണ് മുംബയ് സിറ്റിയുടെ വരവ്. ബ്ലാസ്റ്റേഴ്സിന്റെ ഗോളടിയന്ത്രമായിരുന്ന പെരേര ഡയസുൾപ്പെടെ വജ്രായുധങ്ങൾ ഏറെയുണ്ട് സിറ്റിയുടെ ആവനാഴിയിൽ. കീഴ്പ്പെടുത്തുക പ്രയാസമെങ്കിലും ജയത്തിൽ കുറഞ്ഞതൊന്നും ഇവാൻ വുകോമനോവിച്ചിന്റെ കുട്ടികൾ ആഗ്രഹിക്കുന്നില്ല.

ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയ ബ്ലാസ്റ്റേഴ്സിന് പിന്നീടുള്ള മത്സരങ്ങൾ കൈപ്പേറിയതായിരുന്നു. സ്വന്തം തട്ടകത്തിൽ എ.ടി.കെ. മോഹൻ ബാഗ് മുന്നിൽ തകർന്നടിഞ്ഞു. ആദ്യ എവേയിൽ ഒഡീഷയ്ക്ക് മുന്നിലും വീണു. പ്രതിരോധം പാളിയതാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. ആരാധകരിൽ 'അപ്രീതി'യുണ്ടാക്കാതെ ടീമിന്റെ കുതിപ്പിന് ജയം അനിവാര്യമാണ്. ഇവാൻ ഇത് തിരിച്ചറിഞ്ഞുള്ള തന്ത്രമാകും ഒരുക്കുക. സ്പാനിഷ് താരം വിക്ടർ മൊംഗേൽ ഇന്ന് ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കും. മദ്ധ്യനിരയിലെ ഇവാൻ കല്യുഷ്‌നി-അഡ്രിയാൻ ലൂണ സഖ്യത്തിലാണ് പ്രതീക്ഷകൾ മുഴുവനും. പ്രഭ്സുഖൻ ഗിൽ തന്നെയാകും ഗോൾവല കാക്കുക.

നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ സമനിലയിൽ തളച്ചാണ് മുംബയ് സിറ്റി സീസൺ തുടങ്ങിയത്. ഒഡീഷയെ രണ്ട് ഗോളിന് വീഴ്ത്തി തോൽവി അറിയാത്ത യാത്രയിലാണ് മുംബയ് സിറ്റി. അക്രമത്തിലൂന്നിയുള്ള തന്ത്രമൊരുക്കിയാകും ജെസ് ബക്കിംഗ്ഹാം മുംബയ് സിറ്റിയെ ഇന്ന് കളത്തിലിറക്കുക. ആദ്യ ഇലവനിൽ പെരേര ഡയസ് എത്തിയേക്കും. ബബിൻ സിംഗ് ചാംഗ്ത്തെയും എത്തുമ്പോൾ കഴിഞ്ഞ മത്സരങ്ങളിൽ ചിതറിപ്പോയ മഞ്ഞപ്പടയുടെ പ്രതിരോധ നിരയ്ക്ക് സിറ്റിയുടെ മുന്നേറ്റത്തെ പിടിച്ചുകെട്ടാൻ വിയർക്കേണ്ടിവരും. അഹമ്മദ് ജാഹുവും അൽബർട്ടോ നൊഗുവേരയും നീലപ്പടയ്ക്കായി മദ്ധ്യനിരയിൽ കളിമെനയും. രാഹുൽ ബേക്കേ, ഗ്രിഫിത്ത്, മെഹത്താബ് ത്രയങ്ങൾ ചേരുന്ന പ്രതിരോധകോട്ട ഡമറ്റക്കോസിനും രാഹുലിനും വെല്ലുവിളിയാണ്.

7.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്

Advertisement
Advertisement