കാശ്മീരിലേക്ക് കുതിരപ്പുറത്ത് സുഹൃത്തുക്കളുടെ യാത്ര

Friday 28 October 2022 1:23 AM IST

മഞ്ചേരി: താത്കാലിക അദ്ധ്യാപക ജോലി ഒഴിവാക്കി സുഹൈലും ഹോൾസെയിൽ മത്സ്യമാർക്കറ്റിലെ ജോലി ഉപേക്ഷിച്ച് അബ്ദുറഹ്മാനും ദീർഘമായ കുതിരസവാരിക്കുള്ള ഒരുക്കത്തിലാണ്.

വളർത്തു കുതിരകളായ സാറയുടെയും അബുവിന്റെയും പുറത്തുകയറിയുള്ള സവാരി മ‍ഞ്ചേരിയിൽ നിന്ന് കാശ്മീരിലേക്ക്. മഞ്ചേരി പയ്യനാട് പിലാക്കൽ സ്വദേശികളാണ് സുഹൃത്തുക്കൾ.

കുതിരക്കമ്പക്കാരായ ഇരുവരുടെയും ഒരുപാടു കാലമായുള്ള ആശയായിരുന്നു കുതിരപ്പുറത്തെ യാത്ര. യൂ ട്യൂബ് വഴിയും സുഹൃത്തുക്കളായ റൈഡർമാരുടെയും സഹായത്തോടെയാണ് കുതിരസവാരി പഠിച്ചത്.

ആറുമാസം മുമ്പാണ് അബ്ദുറഹ്മാൻ (24)​ കുതിരയെ വാങ്ങുന്നത്. അബുവെന്ന് പേരിട്ടു. അഞ്ചര വയസ് പ്രായം. ഒരുമാസം മുമ്പ് സുഹൈലും (28) മൂന്നര വയസുള്ള സാറയെന്ന കുതിരയെ വാങ്ങിയതോടെയാണ് കാശ്മീർ യാത്രയെന്ന ആശയം അബ്ദുറഹ്മാൻ മുന്നോട്ടുവച്ചത്. പിന്നീടുള്ള നടപടികളെല്ലാം പെട്ടെന്നായിരുന്നു.

ഇന്നലെ യാത്രയ്ക്ക് തുടക്കമിട്ട ഇവർക്ക് നാട്ടുകാർ ഹൃദ്യമായ യാത്രഅയപ്പ് നൽകി. ദിവസവും അതിരാവിലെയും വൈകിട്ടുമുള്ള സമയമാണ് സവാരിക്ക് തിരഞ്ഞെടുത്തത്. കാലാവസ്ഥയും മറ്റും പരിഗണിച്ചാവും യാത്രാസമയം നിശ്ചയിക്കുക. നാല് മാസം കൊണ്ട് കാശ്മീരിലെത്താനാണ് പദ്ധതി. കാസർകോട്,​ മംഗലാപുരം വഴിയാണ് യാത്ര. മംഗലാപുരത്തെത്തിയശേഷമാവും ബാക്കി യാത്ര പ്ളാൻ ചെയ്യുക. രാത്രികാലങ്ങളിൽ ടെന്റ് കെട്ടി താമസിക്കുന്ന ഇവർ ഭക്ഷണം സ്വയം പാകം ചെയ്യും. കുതിരകൾക്ക് വഴിയരികിൽ നിന്ന് പുല്ല് വെട്ടി നൽകും. കൂടാതെ പ്രത്യേക ഭക്ഷണവും കരുതിയിട്ടുണ്ട്.

തുടക്ക യാത്രയ്ക്കുള്ള തുക ഇവർ സ്വരൂപിച്ചിട്ടുണ്ടെങ്കിലും തുടർയാത്രയ്ക്ക് സഹായം പ്രതീക്ഷിക്കുന്നുണ്ട്. സുഹൈൽ വിവാഹിതനാണ്. ഒരു കുട്ടിയുമുണ്ട്. അബ്ദുറഹ്മാൻ അവിവാഹിതനാണ്.

Advertisement
Advertisement