ഗോളോടെ മടങ്ങിയെത്തി ക്രിസ്റ്റ്യാനോ

Friday 28 October 2022 9:09 PM IST

യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം

ലണ്ടൻ : പിണക്കത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫസ്റ്റ് ഇലവനിലേക്ക് മടങ്ങിയെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗോൾ നേട്ടം. കഴിഞ്ഞ രാത്രി യൂറോപ്പ ലീഗിൽ മോൾഡോവിയൻ ക്ളബ് ഷെരിഫ് ടിറാസ്പോളിനെതിരായ മത്സരത്തിലായിരുന്നു ക്രിസ്റ്റ്യാനോയുടെ മടങ്ങി വരവും ഗോളടിയും.

മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ ജയിച്ചത്. ഇതിൽ മൂന്നാമത്തെ ഗോളാണ് ക്രിസ്റ്റ്യാനോ നേടിയത്. മാഞ്ചസ്റ്ററിന്റെ തട്ടകമായ ഒാൾഡ് ട്രഫോൾഡിൽ നടന്ന മത്സരത്തിന്റെ 44-ാം മിനിട്ടിൽ ഡിയാഗോ ഡാലോട്ടാണ് ആദ്യ ഗോൾ നേടിയത്. 64-ാം മിനിട്ടിൽ മാർക്കസ് റാഷ്ഫോർഡിലൂടെ രണ്ടാം ഗോളും വീണു. ആദ്യ പകുതിയിൽ ലഭിച്ച ചില അവസരങ്ങൾ പാഴാക്കിയ ക്രിസ്റ്റ്യാനോ 81-ാം മിനിട്ടിലാണ് വലകുലുക്കിയത്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീ ക്വാർട്ടർ സാദ്ധ്യതകൾ സജീവമാക്കി.

അതേസമയം യൂറോപ്പ ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ളീഷ് ക്ളബ് ആഴ്സനൽ 2-0ത്തിന് ഡച്ച് ക്ളബ് പി.എസ്.വി ഐന്തോവനോട് തോറ്റു. 55-ാം മിനിട്ടിൽ വീർമാനും 63-ാം മിനിട്ടിൽ ഡി ജോംഗുമാണ് പി.എസ്.വിയുടെ ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ റയൽ സോസിഡാണ് 2-0ത്തിന് ഒമോനിയ നികോസ്യയെ തോൽപ്പിച്ചു.

Advertisement
Advertisement