ഹൈക്കോടതി നിർദ്ദേശം, ചട്ടം ലംഘിക്കുന്ന അന്യസംസ്ഥാന വാഹനങ്ങളെയും പിടികൂടണം

Saturday 29 October 2022 12:00 AM IST

കൊച്ചി: എവിടെ രജിസ്റ്റർ ചെയ്തെന്നോ ഉടമസ്ഥൻ ആരാണെന്നോ നോക്കാതെ, അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളും ചട്ടം ലംഘിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിനോടും പൊലീസിനോടും ഹൈക്കോടതി നിർദ്ദേശം. ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷ്വറൻസും എല്ലാ വാഹനങ്ങൾക്കും ബാധകമാണ്. വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,​ ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. കേസ് പത്തു ദിവസത്തിനുശേഷം വീണ്ടും പരിഗണിക്കും.

ഇടക്കാല ഉത്തരവിൽ ഇതുവരെ സ്വീകരിച്ച നടപടികൾ അഡി. ട്രാൻസ്പോർട്ട് കമ്മിഷണർ വിശദീകരിച്ചു. ചട്ടങ്ങൾ ലംഘിച്ച 569 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും കുറ്റക്കാരെന്നു തെളിഞ്ഞ ഡ്രൈവ‌‌ർമാരുടെ ലൈസൻസുകൾ റദ്ദാക്കിയെന്നും അറിയിച്ചു. പ്രത്യേക ടീമുകൾ രൂപീകരിച്ച് ഊ‌ർജിത പരിശോധനകൾ നടത്തുന്നുണ്ട്.

കെ.എസ്.ആർ.ടി.സി വാഹനങ്ങളിലെ പരസ്യം സംബന്ധിച്ച മാനദണ്ഡങ്ങളെക്കുറിച്ച് വിശദ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. തങ്ങളുടെ എല്ലാ വാഹനങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കിയതായി കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ അറിയിച്ചു.

മോട്ടോർ‌ ഷോ

വിശദാംശങ്ങൾ നൽകണം

വയനാട് ഗവ. എൻജിനിയറിംഗ് കോളേജിലും കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും ചട്ടങ്ങൾ ലംഘിച്ച് മോട്ടോർ‌ ഷോ നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ പ്രദ‌‌ർശിപ്പിച്ചു. ഇതിന്റെ വിശദാംശങ്ങൾ ബോധിപ്പിക്കാൻ അഡി. ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകി. നിയമ ലംഘനങ്ങൾക്കെതിരെ സ്ഥാപന മേധാവിയും നടപടിയെടുക്കണം.

കാ‌ർനെറ്റ് വഴി വിദേശത്തുനിന്ന് കൊണ്ടുവരുന്ന വാഹനങ്ങളുടെ രൂപകല്പനയിൽ മാറ്റംവരുത്തി കോളേജുകളിലും മറ്റും റോഡ് ഷോ നടത്തുന്നത് തടയണം. ഇവ പിടിച്ചെടുത്ത് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കണമെന്നും നിർദ്ദേശിച്ചു. പിടികൂടുന്ന വാഹനങ്ങളിലെ നിയമലംഘനങ്ങൾ നീക്കിയെന്ന് ഉറപ്പാക്കണം.

Advertisement
Advertisement