ഉഷ സ്‌കൂൾ ഒഫ് അത്‌ലറ്റിക്‌സിലെ അസി. കോച്ച് തൂങ്ങിമരിച്ച നിലയിൽ

Saturday 29 October 2022 12:00 AM IST

ബാലുശ്ശേരി (കോഴിക്കോട്): കിനാലൂർ ഉഷ സ്കൂൾ ഒഫ് അത്‌ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ തൊണ്ടാമുത്തൂർ സ്വദേശി ജയന്തിയാണ് (27) മരിച്ചത്. ഇന്നലെ പുലർച്ചെ 4.45ന് സ്കൂളിലെ കായികതാരങ്ങൾ വിളിക്കാനെത്തിയപ്പോഴാണ് ജയന്തിയെ ഡബിൾഡക്ക് ബർത്തിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ബാലുശ്ശേരി പൊലീസിൽ വിവരമറിയിച്ചു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ സ്കൂളിലെ കായികതാരങ്ങൾ മിന്നുംപ്രകടനം കാഴ്ചവച്ചതിന്റെ സന്തോഷത്തിലായിരുന്നു ജയന്തിയെന്നും മരണകാരണം അറിയില്ലെന്നും പി.ടി. ഉഷ പറഞ്ഞു. ഒന്നരവർഷം മുമ്പാണ് ജയന്തി കിനാലൂരിലെ സ്കൂളിലെത്തുന്നത്. കമ്പ്യൂട്ടർ സയൻസിലും കായിക വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദവും യോഗയിൽ ഡിപ്ലോമയും പൂർത്തിയാക്കിയ ജയന്തി ബംഗളൂരുവിൽ എൻ.ഐ.എസ് കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് ഉഷ സ്കൂളിൽ അസിസ്റ്റന്റ് കോച്ചായി ചുമതലയേറ്റത്. 2016ൽ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ ഹെപ്റ്റാത്തലോണിൽ ജയന്തി കുറിച്ച റെക്കാഡ് ആരും മറികടന്നിട്ടില്ല. നടക്കാനിരിക്കുന്ന നാഷണൽ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഉഷാ സ്കൂളിലെ താരങ്ങളെ കൊണ്ടുപോകാൻ വിമാനടിക്കറ്റ് ബുക്കുചെയ്ത് ഒരുങ്ങിയിരിക്കുകയായിരുന്നു ജയന്തി. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പരേതനായ പളനി സ്വാമിയുടെയും കവിതയുടെയും മകളാണ്. സഹോദരങ്ങൾ: മണികണ്ഠൻ, സത്യ.

Advertisement
Advertisement