മണ്ണീറ വെള്ളച്ചാട്ടം : സൗകര്യമൊരുക്കാൻ സ്ഥലമായി

Friday 28 October 2022 11:32 PM IST

കോന്നി: മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനായി 5 സെന്റ് സ്ഥലം മണ്ണീറ നെടുംപുറത്ത് സിബി മാത്യു തണ്ണിത്തോട് പഞ്ചായത്തിന് സൗജന്യമായി നൽകി.

നെടുംപുറത്ത് സിബി മാത്യു, സഹോദരൻ സിജോ മാത്യു എന്നിവർ ചേർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ കുട്ടപ്പൻ, സെക്രട്ടറി ആർ.സേതു എന്നിവർക്കാണ് വസ്തുവിന്റെ രേഖകൾ കൈമാറിയത്.

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപമാണ് മണ്ണീറ വെള്ളച്ചാട്ടം. ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്. പക്ഷേ പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങൾ പോലുമില്ലാത്തത് ബുദ്ധിമുട്ടാണ്. സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്ത് തയ്യാറാണെങ്കിലും സ്ഥലമില്ലാത്തത് തടസമായിരുന്നു. വിനോദ സഞ്ചാര വകുപ്പുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്കരിക്കാനാണ് തണ്ണിത്തോട് പഞ്ചായത്തിന്റെ നീക്കം.

അടവി കുട്ടവഞ്ചി സവാരി കഴിഞ്ഞ് മണ്ണീറ വെള്ളച്ചാട്ടം ആസ്വദിക്കാതെ ആരും ഇവിടെ നിന്ന് മടങ്ങില്ല. വനത്തിലെ കൊച്ചുകൊച്ചു നീരുറവകൾ കൂടിച്ചേർന്നാണ് മണ്ണീറയിലെത്തി വെള്ളച്ചാട്ടമാകുന്നത്.അടവിയിലെ കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ നിന്ന് ഒന്നരക്കിലോമീറ്റർ യാത്ര ചെയ്താൽ മണ്ണീറയിലെത്താം. വേനൽക്കാലത്തും ഒഴുക്കുനിലയ്ക്കാത്തതാണ് സവിശേഷത. അപകടസാദ്ധ്യത കുറവാണ്. വലിയ കയങ്ങളോ വഴുക്കൽ നിറഞ്ഞ പാറക്കൂട്ടങ്ങളോ ഇല്ല.

സൗജന്യമായി സ്ഥലം വിട്ടുകിട്ടിയതോടെ മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾക്ക് തുടക്കം കുറിക്കാൻ കഴിയും

പ്രവീൺ പ്ലാവിളയിൽ,

കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം

Advertisement
Advertisement