പി.എഫ് പെൻഷൻ : വിധി ഉടൻ വന്നേക്കും

Saturday 29 October 2022 12:37 AM IST

ന്യൂഡൽഹി:പി.എഫ് പെൻഷൻ കേസിൽ സുപ്രീം കോടതി വിധി ഉടനുണ്ടാകാമെന്നിരിക്കെ,

ആകാംക്ഷയിലാണ് രാജ്യത്തെ ലക്ഷക്കണക്കിന് പെൻഷൻകാർ.

ഹർജികൾ പരിഗണിച്ച ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് യു.യു.ലളിത് നവംബർ 8ന് വിരമിക്കും.. അതിന് മുമ്പ് വിധി പുറപ്പെടുവിക്കാനാകാത്ത സാഹചര്യമുണ്ടായാൽ അദ്ദേഹം വിധിന്യായത്തിൽ ഒപ്പിട്ട ശേഷം പിന്നീട് വിധി പറയുകയോ, മറ്റൊരു ബെഞ്ച് കേസ് തുടക്കം മുതൽ കേൾക്കുകയോ വേണം.ആറ് ദിവസം തുടർച്ചയായി കേട്ട ശേഷം കഴിഞ്ഞ ആഗസ്റ്റ് 11നാണ് കേസിന്റെ വാദം പൂർത്തിയായത്. സാങ്കേതിക പ്രശ്നങ്ങളും ഇരു ഭാഗത്തുമുള്ള കണക്കുകൾ സംബന്ധിച്ച തർക്കങ്ങളുമുള്ള കേസിൽ വിധി പുറപ്പെടുവിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ജസ്റ്റിസ് ലളിത് വ്യക്തമാക്കിയിരുന്നു.

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി നടപ്പിലാക്കിയാൽ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്ന ഇ.പി.എഫ്.ഒയുടെയും, ഉണ്ടാകില്ലെന്ന ജീവനക്കാരുടെയും വാദം വിലയിരുത്തി കോടതിക്ക്

തീരുമാനത്തിലെത്തണം.എത്ര ഉയർന്ന ശമ്പളം ലഭിക്കുന്നയാൾക്കും 15,000 രൂപ ശമ്പള പരിധി കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലുള്ള ആനുപാതിക പി.എഫ് പെൻഷൻ എന്ന വ്യവസ്ഥ 2018 ൽ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ പി.എഫ് കമ്മിഷണറും തൊഴിൽ മന്ത്രാലയവും നൽകിയ ഹർജിയിലാണ് വാദം പൂർത്തിയായത്.

ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ അനുവദിച്ചാൽ 1.28 ലക്ഷം കോടിയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്ന കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ അവകാശവാദം സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. ഇക്കാര്യം ഇ.പി.എഫ്.ഒയുടെ വാർഷിക റിപ്പോർട്ടുകളിലൊന്നും കണ്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

.

Advertisement
Advertisement