പുറത്താക്കിയ പരാഗിന് 320 കോടി : ട്വിറ്റർ മസ്‌കിന്റെ കൂട്ടിൽ

Saturday 29 October 2022 12:46 AM IST

ന്യൂയോർക്ക്: ഏഴുമാസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് ട്വിറ്ററിനെ ലോകത്തെ ഏറ്റവും സമ്പന്നനായ എലോൺ മസ്‌ക് സ്വന്തമാക്കി. 4,​400 കോടി ഡോളറിന്റേതാണ് (3.62 ലക്ഷം കോടി രൂപ)​ ഇടപാട്. ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന്റെ ഇന്ത്യൻ വംശജനായ സി.ഇ.ഒ പരാഗ് അഗ്രവാൾ,​ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സേഗൽ,​ ലീഗൽ അഫയേഴ്‌സ് ചീഫ് വിജയ ഗഡ്ഡെ,​ ചീഫ് കസ്‌റ്റമർ ഓഫീസർ സാറാ പേഴ്‌സനെറ്റ് എന്നിവരെ മസ്‌ക് പുറത്താക്കി. സി.ഇ.ഒ സ്ഥാനം മസ്‌ക് തന്നെ വഹിച്ചേക്കും.

പുറത്താക്കപ്പെട്ടവർക്ക് ഓഹരി ഇടപാടിന്റെ ഭാഗമായി മസ്‌ക് 8.80 കോടി ഡോളർ (725.45 കോടി രൂപ) നൽകും. പരാഗിന് 3.87 കോടി ഡോളർ (320 കോടി രൂപ) ലഭിക്കും.

ഏപ്രിലിലാണ് ട്വിറ്ററിനെ ഏറ്റെടുക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. ആഴ്ചകൾക്കുശേഷം ഇടപാടിൽ നിന്ന് പിന്മാറുന്നതായി പറഞ്ഞു. ഇതു വഞ്ചനയാണെന്ന് കാട്ടി പരാഗ് കോടതിയിലെത്തി. മസ്‌ക് അന്തിമതീരുമാനം അറിയിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു.

ട്വിറ്ററിന്റെ ഓഹരി വ്യാപാരത്തിന് ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വ്യാഴാഴ്ച പൂട്ടിട്ടു. 53.70 ഡോളറാണ് ഓഹരിവില. ട്വിറ്ററിനെ സ്വകാര്യകമ്പനിയാക്കാനാണ് മസ്‌കിന്റെ നീക്കം.

പക്ഷി സ്വതന്ത്ര?

ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്‌തത് ഇങ്ങനെ: ''ദ ബേർഡ് ഈസ് ഫ്രീഡ് "" (പക്ഷി സ്വതന്ത്രയായി)​. ട്വിറ്റർ ഡിസ്‌ക്രിപ്‌ഷൻ 'ചീഫ് ട്വിറ്റ് "" എന്നും മാറ്റി. എന്നാൽ,​ നിമയമനുസരിച്ചേ പക്ഷി പറക്കൂവെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ട്വിറ്റർ നിയമങ്ങൾ പാലിക്കണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടു.

പ്രതീക്ഷിക്കാം വൻമാറ്റം

ട്വിറ്ററിൽ വൻ മാറ്റത്തിന് മസ്‌ക് തയ്യാറാവും. ജീവനക്കാരെ വലിയ തോതിൽ ഒഴിവാക്കിയേക്കാം. ട്വിറ്ററിൽ എല്ലാം സൗജന്യമായിരിക്കില്ലെന്ന സൂചനയും നൽകിക്കഴിഞ്ഞു. ട്രംപിന്റേതടക്കം സസ്പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചേക്കും.

Advertisement
Advertisement