ചരക്ക് വാഹനങ്ങൾ കൂട്ടിയിടിച്ച് 100 അടി താഴ്ചയിലെ റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു

Saturday 29 October 2022 12:47 AM IST

 രണ്ടുപേർക്ക് ഗുരുതര പരിക്ക്

പുനലൂർ: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ ചരക്ക് വാനും ടോറസ് ലോറിയും കൂട്ടിയിടിച്ച് നൂറടി താഴ്ചയിലേക്ക് പതിച്ചു. ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റു. വാൻ ഡ്രൈവർ തമിഴ്നാട് കർക്കുടി പിള്ളയാർകോവിൽ തെരുവ് സ്വദേശി മുരുകൻ (40), ടോറസ് ലോറി ഡ്രൈവർ തമിഴ്നാട് കരൂർ കുളത്തുർ ചിന്താമണിപട്ടി സ്വദേശി വായാപൂരി (36) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകിട്ട് 5 ഓടെ തമിഴ്നാട് അതിർത്തിയിലെ കോട്ടവാസൽ എസ് വളവിന് പടിഞ്ഞാറായിരുന്നു അപകടം. താഴ്ചയിലുള്ള പുനലൂർ- തെങ്കാശി റെയിൽവേ ട്രാക്കിലേക്കാണ് വാഹനങ്ങൾ പതിച്ചത്. ചരക്ക് ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്ക് പോയ ടോറസ് ലോറിയും തമിഴ്നാട്ടിൽ നിന്ന് കോട്ടവാസൽ കറുപ്പസ്വാമി കോവിലിലേയ്ക്ക് വന്ന വാനുമാണ് കൂട്ടിയിടിച്ചത്. മുരുകന്റെ വലതുകാൽ തുടയുടെ അസ്ഥിക്കും രണ്ട് കൈക്കും പൊട്ടലുണ്ട്. വായാപൂരിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ക്രാഷ് ബാരിയറും തകർത്താണ് താഴേക്ക് പതിച്ചത്. സംഭവസമയം ട്രെയിനുകളൊന്നും കടന്നുപോകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

അര മണിക്കൂറോളം കുടങ്ങിക്കിടന്ന മുരുകനെ മറ്റ് ലോറി ജീവനക്കാരും നാട്ടുകാരും ചേർന്ന് കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വായാപൂരി റെയിൽവേ ട്രാക്കിലേക്ക് തെറിച്ചുവീണു. മുരുകനെ തിരുനെൽവേലി മെഡിക്കൽ കോളേജിലും വായാപൂരിയെ ചെങ്കോട്ട ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റെയിൽവേ ട്രാക്കിൽ നിന്ന് വാൻ മാറ്റിയെങ്കിലും രാത്രി വൈകിയും ടോറസ് ലോറി മാറ്റാനായില്ല. ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. പുളിയറ പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും മേൽ നടപടി സ്വീകരിച്ചു.

Advertisement
Advertisement