നായ്‌ക്കുട്ടികൾ സ്‌കൂളിൽ പരിഹാരം പെരുവഴിയിൽ

Saturday 29 October 2022 12:51 AM IST

എഴുകോൺ : സാമൂഹിക വിരുദ്ധർ സ്കൂൾ മുറ്റത്ത് ഉപേക്ഷിച്ച നായക്കുട്ടികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാതെ അധികൃതരുടെ ഒളിച്ചുകളി. സംഭവത്തിൽ കരീപ്ര ഗ്രാമപ്പഞ്ചായത്ത് സ്വീകരിച്ച നടപടികൾ അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തി.

ഇടയ്ക്കിടം ഗുരുനാഥൻ മുകൾ പി.ആർ.എം സ്കൂളിലെ നായ പ്രശ്നമാണ് ഒരാഴ്ച കഴിഞ്ഞിട്ടും പരിഹാരമില്ലാതെ നീളുന്നത്. ഒഴിഞ്ഞ ക്ലാസ് മുറിയിൽ അടച്ചിട്ടിരിക്കുന്ന നായകൾക്ക് പാലും ബിസ്ക്കറ്റും വാങ്ങി നൽകി സ്കൂൾ ജീവനക്കാരും വശം കെട്ടിരിക്കുകയാണ്.

കേരളകൗമുദി പുറത്തുകൊണ്ടുവന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച ജില്ലാ ഭരണകൂടം ഇടപെട്ടിരുന്നു. കളക്ടർ അവധിയിലായതിനാൽ എ.ഡി.എമ്മാണ് പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടത്. നായക്കുട്ടികളെ സ്കൂളിൽ നിന്ന് മാറ്റിയെന്ന കള്ളം എ.ഡി.എമ്മിനെ ധരിപ്പിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുകയാണ് കരീപ്ര ഗ്രാമ പഞ്ചായത്ത് അധികൃതർ ചെയ്തതെന്ന് ആക്ഷേപമുണ്ട്. പത്ത് നായക്കുട്ടികളിൽ ഒരെണ്ണം കഴിഞ്ഞ ദിവസം അനാരോഗ്യത്താൽ ചത്തിരുന്നു.

ധാരണയില്ലെങ്കിലും

ഉപദേശം ധാരാളം

നായക്കുഞ്ഞുങ്ങളെ സ്കൂളിൽ നിന്ന് മാറ്റുന്നതിന് മൃഗസംരക്ഷണ വകുപ്പിനെയും നായസ്നേഹികളെയും അടക്കം നിരവധി പേരെ സ്കൂൾ അധികൃതർ ബന്ധപ്പെട്ടിരുന്നു. നായ സ്നേഹികൾ ഫോണിലൂടെ ഉപദേശിച്ചതല്ലാതെ ഏറ്റെടുക്കാനോ പുനരധിവാസം ഉറപ്പാക്കാനോ മുതിർന്നില്ല. സ്കൂളിന് സമീപം സി.സി ടി.വി കാമറകളുണ്ട്. നായകളെ സ്കൂൾ വളപ്പിൽ നട തള്ളിയവരെ കണ്ടെത്താൻ ഈ ദിശയിലും നീക്കങ്ങൾ ഉണ്ടായില്ല. മൃഗസംരക്ഷണ വകുപ്പ് ഉൾപ്പെടെയുള്ള അധികൃതരാകട്ടെ ഉത്തരവാദിത്തം തദ്ദേശ ഭരണ സ്ഥാപനത്തിനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്തു.

ഇത്തരം കാര്യങ്ങൾ പരിഹരിക്കുന്നതിന് എന്തു ചെയ്യണമെന്ന കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് ധാരണയില്ലാത്തതും പ്രധാന പ്രശ്നമാണ്. പൊലീസും പഞ്ചായത്തും മൃഗസംരക്ഷണവും വിദ്യാഭ്യാസ വകുപ്പുമൊക്കെ ബന്ധപ്പെട്ട് കിടക്കുന്ന പ്രശ്നമായിട്ടും ഉദ്യോഗസ്ഥരുടെ ഇടയിൽ വേണ്ടത്ര ഏകോപനം ഉണ്ടായില്ലെന്നതും വീഴ്ചയാണ്. ദുരന്ത നിവാരണത്തിന്റെ പരിധിയിൽ വരുന്നതാണ് ഇത്തരം കാര്യങ്ങളെന്ന വ്യക്തത ജില്ലാ ഭരണകൂടത്തിന് ഇല്ലാതെ പോയതും നടപടികളുടെ മെല്ലെ പോക്കിന് കാരണമായിട്ടുണ്ട്.

............................................................................................................

നായക്കുഞ്ഞുങ്ങളും കുട്ടികളും തമ്മിൽ സമ്പർക്കപ്പെടുകയോ ആർക്കെങ്കിലും പേ വിഷ ബാധ ഏൽക്കുകയോ ചെയ്താൽ മാത്രം ഉണരേണ്ടതല്ല ഭരണ സംവിധാനങ്ങളുടെ കാര്യക്ഷമത.ഇത്തരം കാര്യങ്ങളിൽ സത്വര നടപടിയാണ് വേണ്ടത്.

ജി. ജയപ്രകാശ്

മുൻ സെക്രട്ടറി, എസ്.എൻ.ഡി.പി. ശാഖായോഗം, ഇടയ്ക്കിടം.

Advertisement
Advertisement