ഹൈക്കോടതിയുടെ മുന്നറിയിപ്പ്,​ വിഴിഞ്ഞം അക്രമ സമരം: കടുത്ത നടപടിക്ക് മടിക്കില്ല

Saturday 29 October 2022 12:52 AM IST

* കേരളകൗമുദി റിപ്പോർട്ട് കോടതിയിൽ

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സംരക്ഷണം നൽകണമെന്ന ഉത്തരവ് സർക്കാർ കർശനമായി നടപ്പാക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി, അക്രമം നടത്തുന്ന സമരക്കാർക്കെതിരെ കടുത്ത നടപടിക്ക് നിർബന്ധിതമാക്കരുതെന്ന് മുന്നറിയുപ്പും നൽകി. റോഡിലെ തടസങ്ങളും പന്തലും ഉടൻ നീക്കണം.

തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണക്കരാർ കമ്പനിയായ ഹോവെ എൻജിനിയറിംഗ് പ്രൊജക്‌ട്‌സും നൽകിയ ഹർജികൾ ജസ്റ്റിസ് അനു ശിവരാമനാണ് പരിഗണിക്കുന്നത്. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരത്തെത്തുടർന്ന് നൂറു ദിവസത്തിലേറെയായി നിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്.

സമരം അക്രമാസക്തമാണെന്ന് ഹർജിക്കാർ വിശദീകരിച്ചു. കഴിഞ്ഞദിവസം തുറമുഖ നിർമ്മാണമേഖലയിൽ സമരക്കാർ അതിക്രമിച്ചുകയറി വള്ളം കത്തിച്ചു. കേരളകൗമുദിയിൽ ഇന്നലെ വന്ന റിപ്പോർട്ടും അക്രമസംഭവങ്ങളുടെ ചിത്രങ്ങളും കോടതിയിൽ നൽകി. അഞ്ഞൂറോളം ബോട്ടുകൾ നിർമ്മാണമേഖലയിൽ അതിക്രമിച്ച് കയറി.

പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് പാലിക്കുന്നില്ല. തുറമുഖത്തേക്കുള്ള റോഡിൽ ഗതാഗതം തടസപ്പെടുത്തി നിർമ്മിച്ച സമരപ്പന്തൽ പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഫലമുണ്ടായില്ലെന്നു അറിയിച്ചു. തുടർന്ന് ഉത്തരവുകൾ പാലിക്കാൻ സമരക്കാർക്കും ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സംരക്ഷണ ഉത്തരവ് സർക്കാർ പാലിക്കാത്തതിനെത്തുർന്നുള്ള കോടതിയലക്ഷ്യ ഹർജികളും സിംഗിൾബെഞ്ചിന്റെ പരിഗണനയിലുണ്ട്.

നിയമം കൈയിലെടുക്കരുത്

* സമരക്കാർക്ക് നിയമം കൈയിലെടുക്കാനാവില്ല. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവരുതെന്നും ഹൈക്കോടതി പറഞ്ഞു

* പദ്ധതി പ്രദേശത്തേക്ക് തൊഴിലാളികൾക്കും വാഹനങ്ങൾക്കും കടന്നുപോകാനും തിരിച്ചുപോകാനും തടസമുണ്ടാകരുത്

* കോടതി ഉത്തരവ് പാലിക്കാൻ ശ്രമിക്കുമെന്ന് സമരക്കാരുടെ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് ഹർജി 31ലേക്ക് മാറ്റി

Advertisement
Advertisement