സമരവേദി​യി​ലെ സൗമ്യമുഖം, പി​.ടി​യുടെ പി​ൻഗാമി​ അലോഷ്യസ്

Sunday 30 October 2022 12:22 AM IST

കൊച്ചി : വിദ്യാർത്ഥി സമരങ്ങളുടെ മുൻനിരയിൽ പയറ്റിത്തെളിഞ്ഞ അലോഷ്യസ് സേവ്യറിന്റെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പദവി അർഹതയ്ക്കുള്ള അംഗീകാരം. പഠനത്തിലും സമരമുഖങ്ങളിലും ഒരുപോലെ തിളങ്ങിയ പോരാളിയെ കാത്തിരിക്കുന്നത് ഇതിനെല്ലാമപ്പുറം അനിവാര്യമായ വഴക്കവും പക്വതയും വേണ്ട ദൗത്യം.

പി.ടി. തോമസിനു ശേഷം ഇടുക്കിയിൽ നിന്നുള്ള രണ്ടാമത്തെ പ്രസിഡന്റിന്, മുൻഗാമി താണ്ടിയ മുൾവഴികളെക്കുറിച്ചുള്ള തിരിച്ചറിവുകളും പ്രധാനം.

രാഷ്ട്രീയത്തിലും സംഘടനാ തലത്തിലും കോൺഗ്രസും കെ.എസ്.യുവും നേരിടുന്ന വെല്ലുവിളികൾക്കിടയിൽ സംഘടനയെ ഊർജസ്വലമാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. തുടർഭരണത്തിന്റെ ആലസ്യത്തിലായ ഇടതു യുവജന പ്രസ്ഥാനങ്ങൾക്കു മുന്നിൽ തിരുത്തൽ ശക്തിയാകുന്നതിനൊപ്പം ബദൽ മുന്നേറ്റത്തിനൊരുങ്ങുന്ന ബി.ജെ.പി യുവജന സംഘടനകളെ തടയാനുള്ള തന്ത്രങ്ങൾക്കു രൂപം നൽകുകയും വേണം. വീറും വാശിയുമുള്ള വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ കാലംകഴിഞ്ഞെന്ന ആരോപണങ്ങൾക്കിടയിൽ പ്രതികരിക്കുകയും പ്രതിരോധിക്കുകയും പ്രതീക്ഷ നൽകുകയും ചെയ്യുന്ന കെ.എസ്.യു എന്ന പ്രതിച്ഛായ വീണ്ടെടുക്കാൻ പ്രിയപ്പെട്ട അലോഷിക്കു കഴിയുമെന്നാണ് പ്രവ‌ർത്തകരുടെ ആത്മവിശ്വാസം.

എറണാകുളം ജില്ലാ പ്രസിഡന്റായി മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള അംഗീകാരമാണ് കൂടിയാണ് പുതിയ പദവി. അടിമാലിയിലെ കർഷകകുടുംബത്തിൽ നിന്ന് എറണാകുളം തേവര എസ്.എച്ച് കോളേജിൽ പഠനത്തിനെത്തി രാഷ്ട്രീയത്തിൽ സജീവമായ അലോഷ്യസ്, ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയപ്പോഴേക്കും രാഷ്ട്രീയത്തിലും പയറ്റിത്തെളിഞ്ഞിരുന്നു. ഇപ്പോൾ എം.ജി യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാ‌ർത്ഥി. വി.ഡി.സതീശൻ, ഹൈബി ഈഡൻ, റോജി.എം. ജോൺ തുടങ്ങിയവർക്ക് ശേഷം
തേവര കോളേജിൽ നിന്ന് കോൺഗ്രസിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു കടന്നു വരുന്ന നേതാവാണ്.

കോളേജ് യൂണിയൻ ചെയർമാനും രണ്ടുതവണ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും ആയിരുന്നു. പഠന മികവും രാഷ്ട്രീയ പക്വതയുമാണ് 2017ൽ കെ.എസ്.യു ജില്ലാ അദ്ധ്യക്ഷ പദവിയിലെത്തിച്ചത്.

സ്വാശ്രയ കോളേജ് ഫീസ് വിഷയത്തിൽ നടത്തിയ സംസ്ഥാന മാർച്ചിൽ പൊലീസ് ലാത്തിച്ചാർജിനെ തുടർന്ന് ഇടതു ചെവിക്കു തകരാർ സംഭവിച്ചു. രാഷ്ട്രീയ സംഘട്ടനത്തിൽ ഗുരുതര പരിക്കേറ്റ് ദീർഘകാലം ചികിത്സയിൽ കഴിഞ്ഞിട്ടുമുണ്ട്.

കെ.എസ്.യുവിനു ക്ഷീണം സംഭവിച്ച കലാലയങ്ങൾ കണ്ടെത്തി സംഘടനാ പ്രവർത്തനം സജീവമാക്കുകയും വിദ്യാഭ്യാസ മേഖലയിൽ ഇടതുവത്കരണം നടപ്പാക്കുന്ന സർക്കാരിനെതിരെ പോരാട്ടം ശക്തമാക്കുകയും ചെയ്യും.

അലോഷ്യസ് സേവ്യർ

സംസ്ഥാന പ്രസിഡന്റ്

കെ.എസ്.യു

Advertisement
Advertisement