@ 'ശനി 'ഒഴിഞ്ഞ് സി.എച്ച് മേൽപ്പാലം ബലപ്പെടുത്തൽ ഡിസംബറിൽ

Sunday 30 October 2022 12:01 AM IST
സി.എച്ച് മേൽപ്പാലം

കോഴിക്കോട് : ആശങ്കകൾക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് സി.എച്ച് മേൽപ്പാല നവീകരണം ഡിസംബർ ആദ്യവാരം തുടങ്ങും. നവീകരണ പ്രവൃത്തികൾക്കുള്ള സാങ്കേതികാനുമതി രണ്ട് ദിവസത്തിനകം ലഭിക്കുന്നതോടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. 4.22 കോടി ചെലവിലാണ് പാലം നവീകരിക്കുന്നത്.

നേരത്തെ ഹൈവേ ബ്രിഡ്ജസ് ആൻഡ് റിസർച്ച്സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പണിയുടെ മികവുകുറവ് കാരണം പാലത്തിന്റെ 12 ഭാഗത്ത് സ്ലാബ് അടർന്നുവീണതായി കണ്ടെത്തിയിരുന്നു. പല ഇടങ്ങളിൽ ചോർച്ചയും കണ്ടെത്തി. പാലം പൂർണമായും പൊളിച്ചു മാറ്റാതെയാണ് നവീകരണം. പാലത്തിലെ കോൺക്രീറ്റ് കമ്പികൾ മാറ്റി പുതിയവ സ്ഥാപിക്കും. കെെവരി ,​ ഫൂട്ട്പാത്ത് എന്നിവയും പുതുക്കി പണിയും.

മേൽപ്പാലത്തിനടിയിലെ വ്യാപാരികളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളും . നവംബ‌ർ 30നകം വ്യാപാരികൾ മേൽപ്പാലം ഒഴിഞ്ഞു കൊടുക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറഞ്ഞിരിക്കുന്നത്. സി.എച്ച് മേൽപ്പാലം നവീകരിക്കുമ്പോൾ വ്യാപാരികൾ ഉന്നയിച്ച ആശങ്കകൾ പരിഗണിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഉറപ്പുനൽകിയിരുന്നു

പാലം നവീകരണത്തിനായി ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാണെങ്കിലും നവീകരണ ശേഷം മുറികൾ തിരിച്ചു നൽകുമോ എന്നതായിരുന്നു വ്യാപാരികളുടെ ആശങ്ക. ഏപ്രിൽ അവസാനത്തോടെ കച്ചവടക്കാർ ഒഴിയണമെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പും കോർപ്പറേഷനും നോട്ടീസും നൽകിയിരുന്നു. ഇതിനെതിരെ വ്യാപാരികൾ നൽകിയ ഹർജിയിൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ഇല്ലാതെ ഒഴിപ്പിക്കരുതെന്നായിരുന്നു കോടതി നിർദ്ദേശം. പാലം പണിതത് പി.ഡബ്ല്യു.ഡിയുടെ കീഴിലാണെങ്കിലും കടകൾ നിർമിച്ചിരിക്കുന്നത് കോർപ്പറേഷനാണെന്നായിരുന്നു പി.ഡബ്ല്യു.ഡിയുടെ വാദം. അതേസമയം പി.ഡബ്ല്യൂ.ഡിയുടെ സ്ഥലമാണെന്നും അവർ കടമുറികൾ തിരിച്ചുനൽകിയാൽ കച്ചവടം നടത്താമെന്നുമായിരുന്നു കോർപ്പറേഷന്റെ നിലപാട്. പാലത്തിന് കീഴിലുള്ള 69 കടമുറികളിൽ 63 മുറികളിലാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

1984ലാണ് മൂന്നാം റെയിൽവേ ഗേറ്റിന് കുറുകെ റെഡ്‌ക്രോസ് റോഡിൽ 25 സ്പാനുകളോടെ 300 മീറ്റർ നീളത്തിൽ മേൽപ്പാലം നിർമ്മിച്ചത്. കോർപ്പറേഷന് വരുമാനമെന്ന നിലയിൽ മേൽപ്പാലത്തിനടിയിൽ 69 കടമുറികൾ നിർമ്മിച്ച് ടെൻഡർ പ്രകാരം 10 വർഷത്തേക്ക് വ്യാപാരികൾക്ക് നൽകി. വാടക പുതുക്കി നടത്തിപ്പ് അനുമതി നീട്ടിയതു പ്രകാരം 2024 വരെ കച്ചവടം നടത്താൻ അനുമതിയുണ്ട്.

' ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കും. 6 മാസത്തിനകം പാലം നവീകരണം പൂർത്തീകരിക്കാൻ കഴിയുമെന്ന് കരുതുന്നു'.

ഷിനി, അസി.എക്സി.എൻജിനിയർ, പി.ഡബ്ല്യു.ഡി

'നിലവിൽ വലിയ ആശങ്കകളില്ല. കെട്ടിടം പുനർ നിർമിക്കുന്നതിന് പി.ഡബ്ല്യു.ഡി അനുമതി നൽകിയിട്ടുണ്ട്. കോർപ്പറേഷൻ ചർച്ചയ്ക്ക് വിളിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത് '.

ഹരികൃഷ്ണൻ, പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി സി.എച്ച് ഫ്ളെെ ഓവർ യൂണിറ്റ്.

Advertisement
Advertisement