ലഹരി വസ്തുക്കൾ കൈവശം വയ്ക്കുന്നവരെ ജയിലിൽ അടയ്ക്കണം: അടൂർ പ്രകാശ് എം പി

Sunday 30 October 2022 4:23 AM IST

തിരുവന്തപുരം : ലഹരി വസ്തുക്കളുടെ ഉപയോഗം കേരളത്തിൽ കുറയ്ക്കണമെങ്കിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണമെന്നും, നിയമം കൂടുതൽ കർശനമാക്കി മയക്കുമരുന്ന് കൈവശം വയ്ക്കുന്നവരെയെല്ലാം കൈയാമം വച്ച് ജയിലിൽ അടയ്ക്കണമെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു.

ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ മാസം തോറും താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗികൾക്കും സൂപ്രണ്ട് നിർദ്ദേശിക്കുന്ന നിർദ്ധനരായ കാൻസർ രോഗികൾക്കും നൽകിവരുന്ന ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.വിഷ്ണുഭക്തൻ ചെയ്യുന്ന ഇത്തരം ധനസഹായത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് എം.പി പറഞ്ഞു.

യുവാക്കളിൽ അധികംപേരും ലഹരി വസ്തുക്കളുടെ പിറകേ പോകുന്നതുകാരണം ഭാവി തലമുറ ആശങ്കയിലാണെന്നും കർശനമായ ശിക്ഷയിലൂടെ ലഹരി മാഫിയയെ വരുതിയിലാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ പറഞ്ഞു. ചടങ്ങിൽ അടൂർപ്രകാശ് എം.പി, സി.വിഷ്ണുഭക്തനെ പൊന്നാട അണിയിച്ചു. ജില്ലാപഞ്ചായത്തംഗം ആർ.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫിറോസ് ലാൽ, ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷബ്ന, അമൃതാ സ്വാശ്രയ സംഘം രക്ഷാധികാരി ശിവദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാധികാ പ്രദീപ്, ശ്രീകല, പി.അജിത തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്കും കാൻസർ രോഗികൾക്കും ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ മാസം തോറും നൽകി വരുന്ന ധനസഹായ വിതരണ ചടങ്ങിൽ അടൂർ പ്രകാശ് എം.പി സി.വിഷ്ണുഭക്തനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു. ആർ.സുഭാഷ്, ഫിറോസ് ലാൽ, ഡോ.ഷബ്ന, ശിവദാസ്, രാധികാ പ്രദീപ്, ശ്രീകല, പി.അജിത എന്നിവർ സമീപം

Advertisement
Advertisement