ദേശീയപാത 66ന്റെ നിർമ്മാണം; ആശങ്ക പരിഹരിക്കുമെന്ന് എൻ.എച്ച് അധികൃതർ

Sunday 30 October 2022 12:54 AM IST

മലപ്പുറം: ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ഇടിമൂഴിക്കൽ മുതൽ തലപ്പാറ വരെ പ്രധാന ജംഗ്ഷനുകളിലെ മേൽപ്പാലത്തിന്റെ അശാസ്ത്രീയ നിർമ്മാണം, ഡ്രൈനേജ് നിർമ്മാണത്തിലെ അപാകത, സർവീസ് റോഡുകൾക്കുള്ള കണക്ടീവിറ്റി പ്രശ്നം, മിനി അണ്ടർ പാസേജിന്റെ അപര്യാപ്തത, ഗതാഗത കുരുക്ക്, വിദ്യാർത്ഥികളുടെ സഞ്ചാര പ്രശ്നം, വ്യാപാരികൾ, ടാക്സി തൊഴിലാളികൾ എന്നിവരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് പി.അബ്ദുൾ ഹമീദ് എം.എൽ.എ പറഞ്ഞു. ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റ് ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് എം.എൽ.എ ആശങ്കകൾ പങ്കുവച്ചത്.

ഇടിമുഴിക്കൽ അഗ്രശാല പാറക്കടവ് റീച്ച് രണ്ട് റോഡിലെ ചാലിപ്പറമ്പിനും കുറ്റിപ്പാലക്കുമിടയിലുളള ഇറക്കത്തിലുളള വളവിൽ ഡ്രൈനോ ഐറിഷ് കോൺക്രീറ്റോ ഇല്ലാത്തതിനാൽ റോഡിലെ വെളളം മുഴുവൻ താഴെയുളള വീടുകളിലേക്ക് കുത്തിയൊലിച്ച് പോവുകയാണ്. ഈ പ്രശ്നത്തിന് പരിഹാരമായി ഇവിടെ ക്രാഷ് ബാരിയറോ ബ്രോക്കൺ പാരപ്പറ്റോ സ്ഥാപിച്ച് സ്ഥലം അപകടമുക്തമാക്കുന്ന പ്രവൃത്തിക്കായി ഉടൻ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ പി.ഡബ്ല്യു.ഡി (റോഡ്സ്) യോഗത്തെ അറിയിച്ചു. കൂടാതെ പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് എം.പി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സ്ഥലം പരിശോധിച്ച് നടപടികൾ സ്വീകരിച്ചു വരുന്നതായും ഡെപ്യൂട്ടി കളക്ടർ എൽ.എ(എൻ.എച്ച് )​യോഗത്തിൽ അറിയിച്ചു.

ഡയാലിസിസ് സഹായം മുടങ്ങില്ല

തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഡയാലിസിസ് രോഗികളുടെ എണ്ണത്തിനനുസരിച്ച് പ്രൊജക്ടുകൾ ഏറ്റെടുക്കുന്നതിന് ജില്ലയിലെ എല്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദ്ദേശം നൽകിയതായി മെഡിക്കൽ ഓഫീസർ അറിയിച്ചു. എല്ലാ വൃക്കരോഗികൾക്കും ഡയാലിസിസ് നടത്തുന്നതിന് ആഴ്ചയിൽ 1,000 രൂപ ക്രമത്തിൽ ഒരുമാസം പരമാവധി 4,000 രൂപ ബന്ധപ്പെട്ട ആശുപത്രി മുഖേന ധനസഹായം നൽകുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി അതതു തദ്ദേശ ഭരണസ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാരെ പദ്ധതി നിർവഹണ ഉദ്യോഗസ്ഥരാക്കാവുന്നതാണെന്നും ഡി.എം.ഒ ഡോ. ആർ.രേണുക പറഞ്ഞു. എന്നാൽ ഡോക്ടർമാർക്ക് പകരം പഞ്ചായത്ത് സെക്രട്ടറിയേയോ സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യാഗസ്ഥരെയോ മേൽ പദ്ധതിയുടെ നിർവഹണ ചുമതല നൽകണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് ആരോഗ്യവകുപ്പ് ഡയറക്ടറുടെയും ജില്ലാ പ്ലാനിംഗ് ഓഫീസറുടെയും അടിയന്തര നടപടി സ്വീകരിക്കുന്നതിനായി നൽകിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

സംസ്ഥാനത്തെ മികച്ച ശുചിത്വമുള്ള പഞ്ചായത്തുകളുടെ ലിസ്റ്റിൽ ആദ്യപത്തിൽ ജില്ലയിൽ നിന്നുള്ള മാറഞ്ചേരി, കീഴാറ്റൂർ, കൂട്ടിലങ്ങാടി പഞ്ചായത്തുകളെ മാതൃകയാക്കി ഗ്രീൻ മലപ്പുറമായി ജില്ലയെ മാറ്റാൻ ശ്രമിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ പറഞ്ഞു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്മാൻ, അഷ്റഫ് കോക്കൂർ, എ.ഡി.എം എൻ.എം. മെഹ്റലി, പെരിന്തൽമണ്ണ സബ്കളക്ടർ ശ്രീധന്യ സുരേഷ്, തിരൂർ സബ്കളക്ടർ സച്ചിൻ കുമാർ യാദവ്, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.പി.ബാബുകുമാർ, ഡി.ഡി.സി രാജീവ് കുമാർ ചൗധരി, തുടങ്ങിയവർ പങ്കെടുത്തു.

ശാസിച്ച് കളക്ടർ

വിഷയങ്ങൾ പഠിച്ചുവേണം യോഗങ്ങളിൽ പങ്കെടുക്കാനെന്ന് ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാർ. കൊവിഡ് കാലത്ത് അടച്ചിട്ട മഞ്ചേരി മെഡിക്കൽ കോളേജിലെ പേ വാർഡ് തുറന്നുകൊടുക്കുന്നത് സംബന്ധിച്ച് അഡ്വ. യു.എ ലത്തീഫ് എം.എൽ.എയുടെ പ്രതിനിധിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെയാണ് കളക്ടറുടെ പ്രതികരണം. വിഷയത്തെ കുറിച്ച് അറിയില്ലെന്നും സൂപ്രണ്ടിനോട് അന്വേഷിച്ച ശേഷം മറുപടി നൽകാമെന്നുമായിരുന്നു യോഗത്തിനെത്തിയ മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞത്.

Advertisement
Advertisement