പരീക്ഷയ്ക്കി​ടെ അസ്വാസ്ഥ്യം, അദ്ധ്യാപകർ കുട്ടി​യെ പുറത്തുവി​ട്ടി​ല്ലെന്ന് പരാതി​

Sunday 30 October 2022 12:10 AM IST

തിരുവനന്തപുരം: ദേശീയ ബാഡ്മിന്റൺ താരമായ പ്ലസ്ടു വിദ്യാർത്ഥിനിക്ക് പരീക്ഷയ്ക്കിടെ അസ്വസ്ഥതയുണ്ടായപ്പോൾ സ്കൂൾ അധികൃതർ നിയമപ്രശ്നം ചൂണ്ടിക്കാട്ടി വൈദ്യസഹായം വൈകിപ്പിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ മാതാവ് തിരുമല സ്വദേശി ബിസ്മി കൃഷ്ണ. കോട്ടൺഹിൽ സ്കൂളിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്ളസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നതിനിടെ മകൾക്ക് ഉണ്ടായ ദുരവസ്ഥ അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
വിദ്യാർത്ഥിനിയുടെ ആരോഗ്യസ്ഥിതി മോശമായപ്പോൾ ആശുപത്രിയിൽ എത്തിക്കാനോ രക്ഷിതാക്കളെ വിളിക്കാനോ അനുവദിച്ചില്ലെന്നും അമ്മ പറയുന്നു.

ദേശീയ ബാഡ്മിന്റൺ താരമായ പതിനേഴുകാരിക്ക് കൊവിഡ് വന്ന ശേഷം ഇക്കഴിഞ്ഞ മേയ് മുതൽ ഗുരുതരമായ അലർജി പ്രശ്നമുണ്ട്. പരീക്ഷ തുടങ്ങി 3.15നു തന്നെ കുട്ടി തനിക്ക് അമ്മയെ വിളിക്കണമെന്നും സുഖമില്ലെന്നും ഇൻവിജിലേറ്ററെ അറിയിച്ചെങ്കിലും പരീക്ഷയ്ക്കിടെ പുറത്തുവിടാൻ പറ്റില്ലെന്നായിരുന്നു മറുപടി. പലതവണ ആവശ്യപ്പെട്ടപ്പോൾ ഇൻവിജിലേറ്റർ സ്കൂൾ പ്രിൻസിപ്പലിനെ പരീക്ഷാഹാളിൽ വിളിച്ചുവരുത്തി. അമ്മയെ വിളിക്കണമെന്ന് പറഞ്ഞെങ്കിലും 'പഠിച്ചില്ലേ' എന്നു ചോദിച്ച് കുട്ടിയുടെ പ്രശ്നത്തെ നിസാരവത്കരിച്ചെന്നാണ് പരാതി. ഒരു മണിക്കൂറിന് ശേഷം 4.20 ഓടെയാണ് മകൾക്ക് തന്നെ വിളിക്കാൻ അനുവാദം കിട്ടിയത്. ' എനിക്ക് പറ്റുന്നില്ല. കുറേയായി ശ്രമിക്കുന്നു. ഞാൻ പറഞ്ഞിട്ട് ഇവർക്ക് മനസിലാകുന്നില്ലെ'ന്ന് കുട്ടി ഫോണിലൂടെ പറഞ്ഞു. മിനിട്ടുകൾക്കകം സ്കൂളിലെത്തി പ്രധാന ഗേറ്റിനു മുന്നിൽ അവശയായി ഇരിക്കുകയായിരുന്ന മകളെയും കൊണ്ട് ഉടൻ ആശുപത്രിയിലേക്ക് പോയെന്നും അമ്മ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും സ്‌കൂളിൽ നിന്ന് ആരും വിളിച്ച് അന്വേഷിച്ചില്ല. നവംബർ 3ന് പാലായിൽ വച്ച് സ്കൂൾസിന്റെ സ്റ്റേറ്റ് ടീം സെലക്‌ഷൻ നടക്കുകയാണ്. അതിൽ കുട്ടിക്ക് പങ്കെടുക്കാനാകുമോയെന്നറിയില്ലെന്നും അമ്മ കേരളകൗമുദിയോട് പറഞ്ഞു.

3.45നാണ് കുട്ടി​ക്ക് നടുവേദനയാണെന്നും വീട്ടി​ൽ പോകണമെന്ന് പറയുന്നുവെന്നും​ ഇൻവി​ജി​ലേറ്റർ അറി​യി​ച്ചത്. ഉടൻ തന്നെ ക്ളാസി​ൽ പോയി​. 20 മി​നി​ട്ടോളം കുട്ടി​യുമായി​ സംസാരി​ച്ചു. അപ്പോഴൊന്നും അമ്മയെ വി​ളി​ക്കണമെന്നോ ആശുപത്രി​യി​ൽ പോകണമെന്നോ കുട്ടി​ പറഞ്ഞി​ട്ടി​ല്ല. പറഞ്ഞി​രുന്നെങ്കി​ൽ ഉറപ്പായും അതി​നുള്ള സൗകര്യമൊരുക്കുമായി​രുന്നു. അത്തരത്തി​ൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അറിയില്ലായിരുന്നു.

ഗ്രീഷ്മ, പ്രധാനാദ്ധ്യാപിക

കോട്ടൺ ഹിൽ സ്കൂളിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി​യി​ട്ടുണ്ട്.

മന്ത്രി വി. ശിവൻകുട്ടി

Advertisement
Advertisement