മേളയിൽ മത്സരിക്കാൻ 12,000 രൂപയുടെ 'മഹാരാജാസ്'സിനിമ

Sunday 30 October 2022 12:16 AM IST

കൊച്ചി: 'മഹാരാജാസ് കോളേജിൽ ചേരണം, സിനിമയിൽ കയറിപ്പറ്റണം...' കാമ്പസിൽ എത്തും മുമ്പ് ആ 25 പേരുടെയും മോഹമായിരുന്നു. പഠിപ്പ് കഴിഞ്ഞ് സ്വപ്നത്തിലേക്കുള്ള ആദ്യചുവടായി അവർ ഒരു സിനിമയൊരുക്കി, വെറും 12,000 രൂപ ചെലവിൽ. 'ബാക്കിവന്നവർ' എന്ന ആ സിനിമ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (ഐ.എഫ്.എഫ്.കെ) സിനിമാ ടുഡേ വിഭാഗത്തിൽ മത്സരിക്കും. അതിന്റെ ത്രില്ലിലാണിപ്പോൾ ഇവർ. തൊഴിലാളി പ്രശ്നം പ്രമേയമാക്കി മോണോലോഗ് മാതൃകയിലാണ് സിനിമ.

നടനും നിർമ്മാതാവുമായ സൽമാൻ ഉൾ ഫാരീസിന്റെയും സംവിധായകൻ അമൽ പ്രസിയുടെയും അനുഭവങ്ങളാണ് തിരക്കഥയായത്. അഞ്ച് മാസം മുമ്പാണ് ഇരുവരും ഈ സിനിമയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. സംഘത്തിലെ മറ്റുളളവരും ഒപ്പം കൂടി​. ശമ്പളത്തിൽ നിന്ന് മിച്ചംപിടിച്ചതും സുഹൃത്തുക്കളുടെ സംഭാവനകളും ഫണ്ടായി. മഹാരാജാസിലെ മറ്റ് സുഹൃത്തുക്കളും ചേർന്നു. രണ്ടാഴ്ചയിൽ ചിത്രീകരണം പൂർത്തിയാക്കി.

റഹിം ബിൻ റഷീദ് ഛായാഗ്രഹണം. ഫൈസൽ റാസി സംഗീതം.

നിർമ്മാതാവ് മുതൽ അണിയറ പ്രവർത്തകർ വരെ മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥികൾ. 2016-19ബാച്ച്കാരാണ് അധികവും. പുറത്തുനിന്ന് നാല് പേർ മാത്രം. ചിത്രീകരണം പകുതിയിലധികവും മഹാരാജാസ് മെൻസ് ഹോസ്റ്റലിൽ. കൂട്ടായ്‌മയിലെ അംഗങ്ങളുടെ ഓഫീസുകളും ലോക്കേഷനായി. ആരും പ്രതിഫലം വാങ്ങിയില്ല. സിനിമയോടുള്ള സ്നേഹവും മഹാരാജാസെന്ന വികാരവും മാത്രം. 12,000 രൂപയിൽ നല്ലൊരു പങ്കും പെട്രോളിനാണ് ചെലവായത്. പിന്നെ ഭക്ഷണത്തിനും.

വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കാൻ ശബ്ദം മെച്ചപ്പെടുത്താനുള്ള ജോലികൾ കാക്കനാട്ടെ ലാബിൽ പുരോഗമിക്കുകയാണ്.

സ്വന്തം ജീവിതത്തെ തൊഴിൽ പ്രശ്നം അലട്ടിയപ്പോഴാണ് ഈ സിനിമ എടുത്തേ മതിയാകൂ എന്ന് തീരുമാനിച്ചത്

സൽമാൻ ഉൾ ഫാരീസ്

നിർമ്മാതാവ്

Advertisement
Advertisement