ബോട്ടിറക്കാൻ തുറമുഖ വകുപ്പ് കായൽ നിരീക്ഷണം ഇനി സ്വന്തം ബോട്ടിൽ

Sunday 30 October 2022 12:35 AM IST

കൊല്ലം: ഉൾനാടൻ ജലാശയങ്ങളിലെ ബോട്ടുകളുടെ ഫിറ്റ്നസും ലൈസൻസും പരിശോധിക്കാൻ തുറമുഖ വകുപ്പ് സ്വന്തമായി ബോട്ട് വാങ്ങാൻ ഒരുങ്ങുന്നു. തുറമുഖ വകുപ്പിന്റെ പദ്ധതിക്ക് സർക്കാർ വൈകാതെ അനുമതി നൽകിയേക്കും.

ലൈസൻസില്ലാവർക്ക് പിടിവീഴും

കേരള ഇൻലാൻഡ് വെസൽ ആക്ട് പ്രകാരം ഉൾനാടൻ ജലാശയങ്ങളിൽ സർവീസ് നടത്തുന്ന യാനങ്ങൾക്ക് ലൈസൻസ് നൽകുന്നതും ഫിറ്റ്നസ് പരിശോധിച്ച് പുതുക്കേണ്ടതും തുറമുഖ വകുപ്പാണ്. അഷ്ടമുടിക്കായലിലെ വിവിധ കേന്ദ്രങ്ങളിൽ ലൈസൻസും ഫിറ്റ്നസും ഇല്ലാത്ത വിവിധ തരം യാനങ്ങൾ സർവീസ് നടത്തുന്നതായി തുറമുഖ വകുപ്പിന് നിരന്തരം പരാതി ലഭിക്കുന്നുണ്ട്. പക്ഷേ പരിശോധനയ്ക്കെത്തിയാൽ ഒന്നിനെപ്പോലും കിട്ടാറില്ല . നിലവിൽ ടൂറിസം വകുപ്പിന്റെ ബോട്ടിലാണ് തുറമുഖ വകുപ്പ് ഉൾനാടൻ ജലാശയങ്ങളിൽ നിരീക്ഷണം നടത്തുന്നത്. അതുകൊണ്ട് വാടകയ്ക്കായി ബന്ധപ്പെടുമ്പോൾ തന്നെ വിവരം ചോരും. ഈ സാഹചര്യം ഒഴിവാക്കുന്നതിന് പുറമേ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്തുകയുമാണ് സ്വന്തം ബോട്ട് വാങ്ങുന്നതിന് പിന്നിലെ ലക്ഷ്യം.

വരുമാനവർദ്ധനയും ലക്ഷ്യം

മൺറോതുരുത്ത് പഞ്ചായത്ത് സമീപകാലത്ത് തുരുത്തിൽ സർവീസ് നടത്തുന്ന വള്ളങ്ങൾക്കും ബോട്ടുകൾക്കും തൊഴിൽ നികുതിയും രജിസ്ട്രേഷനും ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിനൊപ്പം നിരക്ക് ഏകീകരണത്തിന് കൂടിയായിരുന്നു പഞ്ചായത്തിന്റെ ഇടപെടൽ. വള്ളക്കാർ രജിസ്ട്രേഷന് തയ്യാറായെങ്കിലും ബോട്ടുകൾ പലതും പഞ്ചായത്തുമായി സഹകരിച്ചില്ലെന്നും പരാതി ഉയർന്നിരുന്നു. ലൈസൻസില്ലാത്ത യാനങ്ങളാണ് രജിസ്ട്രേഷന് തയ്യാറാകാത്തതെന്നായിരുന്നു പരാതി. ലൈസൻസ് പുതുക്കൽ കർശനമാക്കി വൻ വരുമാന വർദ്ധനയും തുറമുഖ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. പരിശോധനയ്ക്ക് പുറമേ രക്ഷാപ്രവർത്തനത്തിന് കൂടി പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള ബോട്ട് വാങ്ങാനാണ് ആലോചന. ജില്ലയ്ക്ക് പുറമേ പത്തനംത്തിട്ടയിലെ ഉൾനാടൻ യാനങ്ങളുടെ രജിസ്ട്രേഷൻ ചുമതലയും കൊല്ലം പോർട്ടിനാണ്.

Advertisement
Advertisement