ഗ്രീൻ ഫീൽഡ് ഹൈവേ: വിജ്ഞാപനം അടുത്തയാഴ്ച

Sunday 30 October 2022 1:09 AM IST

കൊല്ലം: ദേശീയപാത 744ന് സമാന്തരമായി നിർമ്മിക്കുന്ന ചെങ്കോട്ട - കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ വികസനത്തിന് ജില്ലയിലെ സ്ഥലമേറ്റെടുക്കലിന് അടുത്തയാഴ്ച പ്രാഥമിക വിജ്ഞാപനമിറങ്ങും.

നടപടിക്രമങ്ങൾ പൂർത്തിയായി. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി നാഷണൽ ഹൈവേ അതോറിറ്റിയുടെയും റവന്യൂ വകുപ്പിന്റെയും ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പാതയുടെ അലൈൻമെന്റ് പരിശോധന നടത്തിയിരുന്നു.

കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലെ 174 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ 56 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് നേരത്തെ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കൊല്ലം - കടമ്പാട്ടുകോണം മുതൽ ആര്യങ്കാവ് വരെ 58.92 കിലോമീറ്റർ ദൂരമാണ് വികസന പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇതിൽ 38.24 കിലോമീറ്റർ പുതുതായി നിർമ്മിക്കുന്നതും ബാക്കി നിലവിലുള്ള റോ‌ഡുമാണ്. കടമ്പാട്ടുകോണം, പത്തടി, കുളത്തൂപ്പുഴ, തെന്മല വരെയുള്ള ഭാഗം ഗ്രീൻഫീൽഡ് ഹൈവേയിൽ ഉൾപ്പെടും. തെന്മല മുതൽ ആര്യങ്കാവ് വരെ നിലവിലുള്ള റോഡും വികസിപ്പിക്കും.

Advertisement
Advertisement