ഈയാഴ്‌ച 4 ഐ.പി.ഒകൾ; ലക്ഷ്യം ₹4,​500 കോടി

Monday 31 October 2022 3:18 AM IST

കൊച്ചി: ഒരിടവേളയ്ക്കുശേഷം ഇന്ത്യയിൽ വീണ്ടും ഐ.പി.ഒ മഴ ശക്തമാകുന്നു. ഈവാരം പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) നടത്തി ഓഹരിവിപണിയിലേക്ക് കന്നിച്ചുവടുവയ്ക്കാൻ ഒരുങ്ങുന്നത് നാല് കമ്പനികളാണ്. ഇവയുടെ സമാഹരണലക്ഷ്യം ആകെ 4,500 കോടി രൂപയും.

മേദാന്ത ബ്രാൻഡിൽ ആശുപത്രി ശൃംഖലകളുള്ള ഗ്ളോബൽ ഹെൽത്തിന്റെ ഐ.പി.ഒ മൂന്നുമുതൽ ഏഴുവരെയാണ്. 500 കോടി രൂപയുടെ പുതിയ ഓഹരികളും നിലവില ഓഹരി ഉടമകളുടെ 5.07 കോടി ഓഹരികളുമാണ് കമ്പനി വിറ്റഴിക്കുന്നത്. 600 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്പന ഉൾപ്പെടെ മൊത്തം 1,104 കോടി രൂപയുടെ സമാഹരണത്തിനാണ് ഫ്യൂഷൻ മൈക്രോ ഫിനാൻസ് ഒരുങ്ങുന്നത്.

ബംഗളൂരു കേന്ദ്രമായുള്ള ഡി.സി.എക്‌സ് സിസ്‌റ്റംസ് 400 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലെ ഓഹരി ഉടമകളുടെ 100 കോടി രൂപയുടെ ഓഹരികളുമാണ് വിറ്റഴിക്കുക. ബികാജി ഫുഡ്‌സ് ഇന്റർനാഷണലാണ് ഐ.പി.ഒയിലേക്ക് ചുവടുവയ്ക്കുന്ന മറ്റൊരു കമ്പനി. 1,000 കോടി രൂപയുടെ ഉന്നമാണ് ബികാജി ഫുഡ്‌സിനുള്ളത്.

₹44,000 കോടി

2022ൽ ഇതുവരെ 22 കമ്പനികൾ ഐ.പി.ഒ നടത്തി. ആകെ സമാഹരണം 44,000 കോടി രൂപ.

63

2021ൽ 63 കമ്പനികൾ ഐ.പി.ഒ സംഘടിപ്പിച്ചിരുന്നു. സമാഹരിച്ചത് 1.19 ലക്ഷം കോടി രൂപ.

Advertisement
Advertisement