ഉമ്മൻ ചാണ്ടി ചികിത്സയ്ക്ക് ജർമ്മനിയിലേക്ക്

Monday 31 October 2022 12:01 AM IST

കൊച്ചി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി വിദഗ്ദ്ധ ചികിത്സയ്ക്കായി ഏതാനും ദിവസങ്ങൾക്കകം ജർമ്മനിയിലേക്ക് പോകും. ഇന്നലെ ആലുവ പാലസിലെത്തിയ അദ്ദേഹത്തെ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ സന്ദർശിച്ചു. ആലുവ രാജഗിരി ആശുപത്രിയിൽ തൊണ്ട സംബന്ധമായ ചികിത്സയിലാണ് ഉമ്മൻ ചാണ്ടി. വിദഗ്ദ്ധാഭിപ്രായം തേടുന്നതിനാണ് ജർമ്മനിയിലെ ബർളിൻ ചാരെറ്റി മെഡിക്കൽ സർവകലാശാലയിൽ പോകുന്നത്. അവിടെ പരിശോധനകൾക്കു ശേഷം രാജഗിരി ആശുപത്രിയിൽ ചികിത്സ തുടരും.

ജർമ്മനിയിലേക്കുള്ള വിസ ലഭിച്ചു. ഡോക്ടറുടെ സമയം ലഭിച്ചാലുടൻ യാത്ര തിരിക്കും. മക്കളായ മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ ഒപ്പമുണ്ടാകും. ചികിത്സാച്ചെലവ് കോൺഗ്രസ് വഹിക്കും. 2015 മുതൽ ഉമ്മൻ ചാണ്ടി തൊണ്ടയ്ക്ക് ചികിത്സ നടത്തിവരുകയാണ്. 2019ൽ അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് രാജഗിരിയിലായി ചികിത്സ. സംസാരിക്കാനുള്ള വിഷമത വർദ്ധിച്ച സാഹചര്യത്തിലാണ് വീണ്ടും വിദേശചികിത്സ തേടുന്നത്. ഏതാനും ദിവസങ്ങളായി രാജഗിരി ആശുപത്രിയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്നലെ രാവിലെയാണ് ആലുവ പാലസിൽ വിശ്രമത്തിനെത്തിയത്. കൂടുതൽ സന്ദർശകരെ ഒഴിവാക്കാൻ പകൽ മുഴുവൻ ആലുവയിൽ തങ്ങിയ അദ്ദേഹം വൈകിട്ട് തിരുവനന്തപുരത്തെ വസതിയിലേക്ക് പോയി.

ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരും അദ്ദേഹത്ത സന്ദർശിച്ചു.ഉമ്മൻ ചാണ്ടിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതവും വേദനിപ്പിക്കുന്നതുമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു.

Advertisement
Advertisement