ശൂര സംഹാര മഹോത്സവത്തിന്റെ ആരവത്തിൽ കിഴക്കൻ മേഖല

Monday 31 October 2022 1:04 AM IST

ചിറ്റൂർ: കിഴക്കൻ മേഖലയിലെ സുബ്രഹ്മണ്യ മുരുക ക്ഷേത്രങ്ങളിൽ നടത്തിവരാറുള്ള ശൂര സംഹാര മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ദേവാസുര യുദ്ധത്തെ അനുസ്മരിച്ച് അരങ്ങേറുന്ന ഉത്സവത്തിന്റെ ഭാഗമായി നടന്ന പ്രതീകാത്മകമായ യുദ്ധത്തിൽ താരകാസുരനെയും സഹോദരന്മാരായ ഭാനു ഗോപൻ പത്മാസുരൻ, സിംഹ മുഖാസുരൻ എന്നിവരേയും സുബ്രഹ്മണ്യസ്വാമി വധിക്കുന്നതോടെ ശൂര സംഹാര മഹോത്സവ പ്രധാന ചടങ്ങിന് സമാപനമായി.
ദീപാലവലി കഴിഞ്ഞ എട്ടാം നാളിലാണ് ശൂരസംഹാര ഉത്സവം നടക്കുന്നത്. നല്ലേപ്പിളളി, ചിറ്റൂർ, കൊടുമ്പ് , കൊഴിഞ്ഞാമ്പാറ, എലപ്പുള്ളി, നന്ദിയോട്, പാറ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും ശൂരസംഹാര മഹോത്സവം നടന്നു. നല്ലേപ്പിള്ളി വാണിയാർവീഥി ശ്രീ സിദ്ധിവിനായകർ ക്ഷേത്രത്തിൽ ശ്രീ സ്‌കന്ദഷഷ്ഠി ശൂര സംഹാര മഹോത്സവത്തിന്റെ 103ാം വാർഷികം കഴിഞ്ഞ 25 മുതൽ 31 വരെ വിവിധ കലാപരിപാടികേളേടെയാണ് ആഘോഷിച്ചത്. ഇന്നലെ രൂദ്രാഭിഷേകം, പാൽ കാവടി പൂജ, മഹാ ദീപാരാധന, ഗജവീരന്മാർ, നാദസ്വരം, പാണ്ടിമേളം, മയിലാട്ടം, നെയ്യാണ്ടിമേളം, ശിങ്കാരിമേളം, പൂക്കാവടി, മേനോൻ വാദ്യം, മറ്റ് അസുരവാദ്യങ്ങൾ, ചിക്കാട്ടം എന്നിവകളുടെ അകമ്പടിയോടെ നടന്ന ശൂര സംഹാര മഹോത്സവത്തിൽ ആയിരങ്ങൾ സാക്ഷിയായി.
ഇന്ന് വീരബാഹു എഴുന്നെള്ളത്ത്, പൂർണാഭിഷേകം, ആലങ്കാരപൂജ, മഹാ ദീപാരാധന എന്നിവക്കുശേഷം സ്വാമി തിരുകല്യാണവും മാംഗല്യ പൂജയും സ്വാമി എഴുന്നെള്ളത്തും നടക്കും. രാത്രി 8ന് കലാമണ്ഡലം വത്സല ഹരിയുടെ നൃത്ത സന്ധ്യയ്ക്കുശേഷം 10 ന് കൊടിയിറക്കം. അതോടെ ഈ വർഷത്തെ ഉത്സവത്തിനും സമാപനമാകും.

നല്ലേപ്പിള്ളി വാണിയാർ വീഥി ശ്രീ സിദ്ധിവിനായകർ ക്ഷേത്രത്തിൽ നടന്ന ശൂരസംഹാര മഹോത്സവം

Advertisement
Advertisement