തീരദേശ കെ.എസ് .ആർ.ടി.സി ബസ് നാളെ മുതൽ

Monday 31 October 2022 12:39 AM IST

മലപ്പുറം : തീരദേശ റോഡ് വഴി പരപ്പനങ്ങാടിയിൽ നിന്ന് പൊന്നാനിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഓടിത്തുടങ്ങും. രാവിലെ 10ന് മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ബസിനെ താനൂർ വാഴക്കാത്തെരുവിൽ സ്വീകരിക്കും.
പരപ്പനങ്ങാടിയിൽ നിന്ന് പൊന്നാനിയിലേക്ക് ഒട്ടുപുറം, വാഴക്കത്തെരു, ഉണ്യാൽ, കൂട്ടായി,
ആലിങ്ങൽ, ചമ്രവട്ടം പാലം വഴിയാണ് സർവീസ്. രണ്ട് ബസുകളാണ് ഇരുഭാഗത്തേക്കുമായി സർവീസ് നടത്തുക. നിലവിൽ സ്വാകാര്യ ബസ് സർവീസുകൾ മാത്രമാണ് ഈ റൂട്ടിലുള്ളത്.

വിവിധ കോളേജ്,​ സ്കൂൾ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മറ്റ് ജീവനക്കാർ, മത്സ്യത്തൊഴിലാളികൾ, രോഗികൾ, ഓഫീസുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പോകുന്നവർ തുടങ്ങി തീരദേശവാസികൾക്ക് ഈ ബസ് റൂട്ട് ആശ്വാസമാകും.

ജില്ലയിലെ മിക്ക മത്സ്യബന്ധന ഗ്രാമങ്ങളിലൂടെയും ബസ് സഞ്ചരിക്കുമെന്നതിനാൽ തീരകേന്ദ്രങ്ങളിൽ എളുപ്പത്തിലെത്താം. മേഖലയിലെ വിനോദ സഞ്ചാരത്തിനും ഇത് ആക്കം കൂട്ടും. ഒട്ടേറെ സർവീസുകൾ നേരത്തെ തന്നെയുള്ളതിനാൽ തിരൂർ, താനൂർ നഗരങ്ങളെയും ബസ് സ്റ്റാൻഡുകളെയും റൂട്ടിൽ നിന്ന് ഒഴിവാക്കും. തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ അറബിക്കടലിന് സമാന്തരമായാണ് സർവീസ്. ഒട്ടുംപുറം തൂവൽതീരം വിനോദസഞ്ചാര കേന്ദ്രവും കനോലി കനാൽ, പൂരപ്പുഴ എന്നിവ അറബിക്കടലിൽ സംഗമിക്കുന്നതും അസ്തമയവും യാത്രയിൽ കാണാം.

Advertisement
Advertisement