ഡോ. പല്‌പു എന്ന ഗുരുദൂതൻ

Tuesday 01 November 2022 12:51 AM IST

ഡോ. പി. പല്‌പുവിന്റെ 160-ാം ജന്മദിനമാണ് നാളെ (നവം. 02).

ആധുനിക കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ധ്രുവനക്ഷത്രമായി തിളങ്ങുന്ന ധീരനായ ധർമ്മജ്ഞനായിരുന്നു ഡോ. പി. പല്‌പു. തിരിച്ചടികളെ ചവിട്ടുപടികളാക്കിത്തീർത്ത്, കർമ്മോത്സുകത കൊണ്ട് അധഃസ്ഥിത വർഗോദ്ധാരണത്തിന്റെ മഹത്തായൊരു മാതൃകയും പ്രചോദനവുമായിത്തീർന്നു,​ അദ്ദേഹം. ജീവിതവും സമ്പാദ്യവും ഇതുപോലെ അശരണർക്കായി പങ്കുവച്ച് ആനന്ദിച്ചവർ ചരിത്രത്തിൽ അധികമില്ല.

1898-ൽ പ്ളേഗ് രോഗം ബാധിച്ച് ശ്‌മശാനതുല്യമായിത്തീർന്ന ബാംഗ്ളൂർ നഗരത്തിൽ മരണമടഞ്ഞവരുടെയും മരണാസന്നരുടെയുമിടയിൽ ദൈവദാസനായും ഗുരുവിന്റെ ദൂതനായും നിന്ന് സ്നേഹത്തിന്റെയും സേവനത്തിന്റെയും സങ്കീർത്തനങ്ങൾ തീർത്ത സമ്പൂർണ മനുഷ്യൻ. സമ്പാദ്യത്തിലേറെയും ജാതീയ അസമത്വങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾക്കും നിർദ്ധന പരിപാലനത്തിനും നീക്കിവച്ച ആ മഹാമനസ്‌കതയ്ക്കു മുന്നിൽ സമൂഹം ഒന്നാകെ നമസ്‌കരിക്കേണ്ടതാണ്.

അദ്ദേഹത്തിന്റെ വാക്കും വിചാരവും കർമ്മവും വേണ്ടും വിധം കൂടുതൽ ലക്ഷ്യോന്മുഖമാക്കപ്പെടുന്നതും സാർത്ഥകമാക്കപ്പെടുന്നതും ഗുരുദേവനുമായുള്ള നിരന്തര സമ്പർക്കത്തോടെയാണ്. ഗുരുദേവന്റെ വിചാരമണ്ഡലത്തിൽ നിന്നാണ് തന്റെ ധർമ്മനിശ്ചയത്തിലേക്ക‌യ്ക്ക് ഡോ. പല്‌പു പ്രവേശിക്കുന്നത്. ആർക്കു മുന്നിലും ഉറക്കെ സംസാരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. ഗുരുവിന് അത് ഇഷ്ടമായിരുന്നില്ലെങ്കിലും പല്പുവിന് അത് അനുവദിക്കപ്പെട്ടു. എന്തും വെട്ടിത്തുറന്നു പറയുന്ന ആ സ്വഭാവവും ഗുരു ഇഷ്ടപ്പെട്ടു.

ഇരുവരും ഏറ്റവും കൂടുതൽ സംസാരിച്ചത് ജാതിയെപ്പറ്റിയായിരുന്നു. ഒരിക്കൽ പല്‌പുവിന് ഇരിക്കുവാൻ ഗുരു ഒരു കസേര എടുപ്പിച്ചിട്ടു. എന്നാൽ ഗുരുവിനു മുന്നിൽ കസേരയിലിരിക്കാതെ,​ അവിടെക്കിടന്ന പുലിത്തോലിൽ ചെന്നിരുന്ന് അദ്ദേഹം പറഞ്ഞു: പുലിക്ക് ജീവനുണ്ടായിരുന്നപ്പോൾ നാല്പത്തിരണ്ടടിയല്ല അതിന്റെ ഇരട്ടി മാറിയാലും മനുഷ്യൻ ഭയപ്പെടുമായിരുന്നു. ജീവൻ പോയപ്പോൾ പുലിത്തോൽ സുഖാസനമായി. ജാതിയുടെ കാര്യവും ഇങ്ങനെതന്നെ.

അപ്പോൾ ഗുരു പറഞ്ഞു: പുലി നശിച്ചാൽ തോലെങ്കിലും ശേഷിക്കുമല്ലോ. ജാതി നശിച്ചാൽ ശേഷിക്കാനൊന്നുമില്ല! അതിന് പല്പുവിന്റെ മറുപടി ഇങ്ങനെ: കുശുമ്പ് ശേഷിക്കും. അതീ പുലിത്തോലിനെക്കാൾ കൂടുതൽകാലം നിൽക്കുകയും ചെയ്യും! ആ നർമ്മം ഗുരു നന്നായി ആസ്വദിച്ചു. ഉള്ളിൽ കളങ്കത്തിന്റെ കറപടരാത്ത പരിശുദ്ധനായ ശ്രീനാരായണീയനായിരുന്നു അദ്ദേഹം. ആ പരിശുദ്ധിയാണ് ശിവഗിരി ശാരദാ പ്രതിഷ്ഠാ കമ്മിറ്റിയുടെയും എസ്.എൻ.ഡി.പി യോഗത്തിന്റെയുമൊക്കെ സാരഥ്യമരുളുവാൻ ഡോ. പല്‌പുവിനെ യോഗ്യനും അർഹനുമാക്കിയത്. ഗുരുവിന്റെ നിത്യശുദ്ധ മുക്തബോധത്തിലമർന്ന് ഗുരുധർമ്മത്തിൽ അടിയുറച്ച് ജീവിച്ച മഹാവ്യക്തിത്വത്തിനുടമയായിരുന്നു ഡോ. പല്‌പു.

(ഡോ. പല‌്‌പു ഗ്ളോബൽ മിഷൻ ചെയർമാനാണ് ലേഖകൻ)

Advertisement
Advertisement