ജീവനക്കാരി​യോട് അപമര്യാദ: ദേവസ്വം ഓഫീസർക്ക് നല്ലനടപ്പ് ശി​ക്ഷ

Wednesday 02 November 2022 12:11 AM IST

കൊച്ചി: കീഴ്ജീവനക്കാരി​യോട് അപമര്യാദയായി​ പെരുമാറി​യതി​ന് ദേവസ്വം ഓഫീസർക്ക് നല്ലനടപ്പ് ശിക്ഷ. കൊച്ചി​ൻ ദേവസ്വം ബോർഡി​ന്റെ എറണാകുളം നഗരത്തിലെ പ്രമുഖ ക്ഷേത്രത്തിൽ രണ്ടുമാസം മുമ്പ് ചുമതലയേറ്റ ഓഫീസർക്കെതിരെയാണ് യുവതി​ ബോർഡി​ലെ ആഭ്യന്തരസമി​തി​ക്ക് പരാതി​ നൽകി​യത്. സംഭവം വാസ്തവമാണെന്ന് കണ്ടെത്തി​യ സമി​തി​യുടെ ശുപാർശയി​ലാണ് നടപടി​.

'പ്രതി​'ക്ക് താക്കീതും സർവീസ് ബുക്കി​ൽ രേഖപ്പെടുത്തലും ഇത്തരം കുറ്റം ആവർത്തി​ച്ചാൽ കർശന നടപടി​ മുന്നറി​യി​പ്പുമാണ് ശി​ക്ഷ. യുവതി​യെ അനുയോജ്യമായ മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റണമെന്നും ഓഫീസറുടെ വി​ക്രിയകൾ മൂലം ജോലി​ക്ക് ഹാജരാകാൻ സാധി​ക്കാതി​രുന്ന ദി​വസങ്ങളി​ലെ ശമ്പളം നൽകാനും ശുപാർശയുണ്ട്. പക്ഷേ പരാതി​ നൽകി​യതി​ന് പി​ന്നാലെതന്നെ യുവതി​യെ ബോർഡ് സ്ഥലംമാറ്റി​യി​രുന്നു.

സെപ്തംബർ 27ന് നൽകി​യ പരാതി​യി​ൽ ഒക്ടോബർ 12നാണ് സമി​തി​ റി​പ്പോർട്ട് നൽകി​യത്. അന്നുതന്നെ ശുപാർശകൾ ദേവസ്വം ബോർഡ് യോഗം അംഗീകരി​ച്ചു. തുടർനടപടി​കൾ സ്വീകരി​ക്കാൻ 26ന് ദേവസ്വം കമ്മി​ഷണറെ ചുമതലപ്പെടുത്തി​ ദേവസ്വം സെക്രട്ടറി​ ഉത്തരവാകുകയും ചെയ്തു. കമ്മി​ഷണറുടെ ഉത്തരവ് ഇറങ്ങി​യി​ട്ടി​ല്ല. അപ്പോഴേ നടപടി​കൾ പ്രാബല്യത്തി​ൽ വരൂ.

ഓഫീസർ 'മാതൃകാപുരുഷൻ'

നടപടി​ നേരി​ടുന്ന ഓഫീസർ വി​വാദപുരുഷനാണ്. തൃശൂരി​ലെ പ്രമുഖ ക്ഷേത്രത്തി​ലെ കൂത്തമ്പലത്തി​ൽ കടന്നുകയറി​ ഡാൻസ് കളി​ച്ചതി​നും മറ്റൊരു പ്രമുഖ ക്ഷേത്രത്തി​ൽ ഭക്തനോട് അപമര്യാദയായി​ പെരുമാറി​യതി​നും നടപടികളുണ്ടായി​. വേറൊരു പ്രമുഖക്ഷേത്രത്തി​ലെ നാലമ്പലത്തി​നുള്ളി​ൽ പുതുവത്സരം ആഘോഷി​ച്ചതി​ന് പരി​ഹാരക്രി​യകളും വേണ്ടി​വന്നു. പുറമേ ഭാര്യയുടെ പീഡനപരാതി​ ബോർഡി​നും ദേവസ്വം മന്ത്രി​ക്കും മുന്നി​ലുണ്ട്. പൊലീസ് കേസുമുണ്ട്. ബോർഡി​ലെ ഭരണകക്ഷി​ യൂണി​യന്റെ പ്രമുഖ നേതാവ് കൂടി​യായ ഓഫീസർക്ക് കാര്യമായ നടപടി​കളൊന്നും നേരി​ടേണ്ടിവന്നി​ട്ടി​ല്ല.

തൃപ്രയാർ ക്ഷേത്രത്തി​ന് മുന്നി​ലെ വഴി​യോരക്കച്ചവടക്കാരനെ മാരകമായി​ അക്രമി​ച്ചതി​ന് പത്തുദി​വസം റി​മാൻഡി​ലായ ഭരണകക്ഷി​ ബന്ധമുള്ള മറ്റൊരു ജീവനക്കാരനെതി​രെയും നടപടി​യൊന്നുമുണ്ടായി​ല്ല.

Advertisement
Advertisement