ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യാൻ സത്വര നടപടി: മുഖ്യമന്ത്രി

Wednesday 02 November 2022 12:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യാൻ സത്വര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ 3,41,095 കുടുംബങ്ങൾ ഭൂരഹിതരാണ്. മൂന്നു സെന്റ് വീതമെങ്കിലും നൽകണമെങ്കിൽ 10,500 ഏക്കർ ആവശ്യമായിവരും. വിവിധ ലാൻഡ് ബോർഡുകളിലെ കേസുകൾ തീർപ്പാക്കിയാൽ 8,210 ഏക്കർ കിട്ടും. നിലവിലുള്ള മിച്ചഭൂമി കേസുകൾകൂടി തീർപ്പാക്കിയാൽ എല്ലാവർക്കും ഭൂമി നൽകാനാകും. ഡിജിറ്റൽ റീസർവേ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ പൂർണമായും കുറ്റമറ്റവിധം ഭൂസംബന്ധമായ വിവരങ്ങളും സേവനങ്ങളും ജനങ്ങൾക്കു ലഭ്യമാകും. അതിർത്തി തർക്കങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള സെറ്റിൽമെന്റ് പദ്ധതികൂടി 'എന്റെ ഭൂമി' പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മെച്ചപ്പെട്ട സേവനമാണ് സർക്കാർ വകുപ്പുകൾ നൽകുന്നതെങ്കിലും ഒറ്റപ്പെട്ട ചില വ്യക്തികൾ ഈ സംസ്‌കാരം ഉൾക്കൊണ്ടിട്ടില്ല. അത്തരക്കാരെ സംരക്ഷിക്കേണ്ട കാര്യം ഒരു വകുപ്പിനുമില്ല.

സർക്കാരും നാടും ജനങ്ങളും ആഗ്രഹിക്കുന്ന പ്രവർത്തനരീതിയുമായി ബന്ധപ്പെട്ടു മാത്രമേ മുന്നോട്ടു പോകാനാകൂ. അങ്ങനെ ചെയ്യാത്തവരെ സംരക്ഷിക്കാൻ ഒരു വകുപ്പും തയ്യാറാകേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യു മന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. സർവേ-ഭൂരേഖ വകുപ്പ് തയ്യാറാക്കിയ തീം സോംഗ് സ്പീക്കർ എ.എൻ.ഷംസീർ പ്രകാശനം ചെയ്തു. കോൾ സെന്ററിന്റെ ലോഞ്ചിംഗ് പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ നിർവഹിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, എം.ബി.രാജേഷ്, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി, വി.കെ. പ്രശാന്ത് എം.എൽ.എ, റവന്യു അഡി. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, വാർഡ് കൗൺസിലർ രാഖി രവികുമാർ, ലാൻഡ് റവന്യു കമ്മിഷണർ കെ.ബിജു, സർവേ-ഭൂരേഖ വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ലാൻഡ് ബോർഡ് സെക്രട്ടറി അർജുൻ പാണ്ഡ്യൻ, പ്ലാനിംഗ് ബോർഡ് അംഗം വി.നമശിവായം, സർവേ ഒഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ മഹേഷ് രവീന്ദ്രനാഥൻ, എൻ.ഐ.സി സ്റ്റേറ്റ് ഇൻഫർമാറ്റിക്സ് ഓഫീസർ പി.വി. മോഹൻ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement