സർക്കാർ നിയന്ത്രണങ്ങൾ മറികടക്കാൻ രജിസ്റ്റർ ചെയ്യാതെ 1362 സ്വകാര്യ ആശുപത്രികൾ

Wednesday 02 November 2022 12:00 AM IST

തിരുവനന്തപുരം:രോഗികൾക്ക് മികച്ച സേവനം ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ,​ സ്വകാര്യ ആശുപത്രികളെയും രജിസ്റ്റർ ചെയ്യാനും നിയന്ത്രിക്കാനുമുള്ള നിയമം നടപ്പാക്കി നാല് വർഷമായിട്ടും 1362 സ്വകാര്യ ആശുപത്രികൾ രജിസ്റ്റർ ചെയ്യാതെ മുഖം തിരിച്ചു നിൽക്കുന്നു. നിയമത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരിക്കയാണ്. സ്റ്റേ ഒഴിവാക്കാനോ ചർച്ചയ്ക്കോ സർക്കാർ തയ്യാറായിട്ടില്ല.

2018 ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ( രജിസ്ട്രേഷൻ ആൻഡ് റഗുലേഷൻ )​ നിയമം 2019 ജനുവരിയിൽ പ്രാബല്യത്തിൽ വന്നതാണ്. സർക്കാർ,​ സ്വകാര്യ മേഖലകളിലെ എല്ലാ അലോപ്പതി,​ ആയുർവേദ,​ ഹോമിയോ,​ സിദ്ധ,​ യുനാനി,​ നാച്ചുറോപ്പതി ആശുപത്രികൾക്കും ലാബുകളും സ്‌കാനിംഗ് സെന്ററുകൾ ഉൾപ്പെടെ മറ്റ് ആരോഗ്യ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. രോഗികൾക്ക് മികച്ച ചികിത്സയും ന്യായമായ നിരക്കും ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പാക്കാനും ചികിത്സാപിഴവ് പോലുള്ള അനിഷ്ട സംഭവങ്ങളിൽ നടപടി എടുക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

നിയമപ്രകാരം ആരോഗ്യസ്ഥാപനങ്ങൾ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത് നാലു വർഷത്തിനുള്ളിൽ ആവശ്യമായ സംവിധാനങ്ങളൊരുക്കി ലൈസൻസ് നേടണം. 2023 ജനുവരിയിൽ ലൈസൻസ് നൽകി തുടങ്ങേണ്ടതാണ്.1362 സ്വകാര്യ ആശുപത്രികൾ രജിസ്റ്റർ ചെയ്തിട്ടില്ല. രജിസ്റ്റർ ചെയ്ത 7074 സ്ഥാപനങ്ങളിൽ ഏറെയും സർക്കാർ ആശുപത്രികളാണ്.

പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചതിൽ ആശുപത്രിക്കെതിരെ നടപടിക്ക് ആരോഗ്യമന്ത്രി ഉത്തരവിട്ടെങ്കിലും നടപ്പാക്കാനായില്ല. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് കൗൺസിൽ ജില്ലാ ചെയർമാൻ കൂടിയായ കളക്ടർ സ്റ്റേ കാരണം പിന്മാറി.

നിയമത്തിലുള്ളത്

ആശുപത്രികളും ലാബുകളും നിരക്ക് പരസ്യപ്പെടുത്തണം

രോഗി ആവശ്യപ്പെട്ടാൽ ചികിത്സാചെലവ് ലഭ്യമാക്കണം

അമിത നിരക്ക് ഈടാക്കിയാൽ ആശുപത്രി പൂട്ടേണ്ടി വരും

രോഗം ഗുരുതരമായാൽ മികച്ച ആശുപത്രിയിലേക്ക് മാറ്റണം

നിയമലംഘനത്തിന് അഞ്ച് ലക്ഷം രൂപ വരെ പിഴ

കുറ്റം ഗുരുതരമാണെങ്കിൽ രജിസ്‌ട്രേഷൻ റദ്ദാക്കും

സ്വകാര്യ ആശുപത്രികളുടെ വാദം

നിയമത്തിൽ നിയന്ത്രണങ്ങൾ മാത്രം

രോഗികളെ തുടർചികിത്സയ്‌ക്ക് മാറ്റേണ്ട ഉത്തരവാദിത്വം ആശുപത്രികൾക്കില്ല

സംസ്ഥാന, ജില്ലാ കമ്മിറ്റികളിൽ ഉടമകളുടെ പ്രതിനിധികളെ ഒഴിവാക്കി

രജിസ്റ്റർ ചെയ്തത് 7075

അലോപ്പതി................ 4524

(ലാബുകൾ ഉൾപ്പെടെ)

ആയുർവേദം ..............1348

ഹോമിയോ................. 1144

സിദ്ധ ...............................40

യുനാനി ..........................18

യോഗ നാച്വുറോപതി.....1

'നിയമം നടപ്പാക്കുന്നതിൽ എതിർപ്പില്ല. പരാതികൾ പരിഹരിക്കണം, ആശുപത്രി ഉടമകളുടെ ഭാഗം കേൾക്കണം.

-ഹുസൈൻ കോയ തങ്ങൾ,

പ്രസിഡന്റ്,കെ.പി.എച്ച്.എ

ആശുപത്രികൾ ആദ്യം രജിസ്റ്റർ ചെയ്യണം. തുടർന്ന് പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാം. കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിക്കുന്നു

-ആരോഗ്യ മന്ത്രിയുടെ ഓഫീസ്

Advertisement
Advertisement