പുതിയകാവ് - ചക്കുവള്ളി റോഡ് അപകടക്കെണിയായിട്ടും അധികൃതർക്ക് അനക്കമില്ല

Wednesday 02 November 2022 1:27 AM IST

കരുനാഗപ്പള്ളി: പുതിയകാവ് - ചക്കുവള്ളി റോഡിൽ കാൽനട യാത്രപോലും ദുഷ്ക്കരം. അത്രയ്ക്ക് തകർന്ന് തരിപ്പണമായി കിടക്കുകയാണ് ഈ സംസ്ഥാന പാത. ടാറിംഗ് ഇളകി മാറിയും കുണ്ടും കുഴിയും രൂപപ്പെട്ടും റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. പുതിയകാവ് - ചക്കുവള്ളി റോഡ് ആദിത്യ വിലാസം ഹൈസ്കൂളിന് കിഴക്ക് വശത്തെ പാലത്തിലൂടെ കടന്നുപോകുന്ന ഭാഗമാണ് കൂടുതൽ അപകടക്കെണിയായിരിക്കുന്നത്.

കുണ്ടിലും കുഴിയിലും വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് ഇവിടെ പതിവാണ്. ഈ ദുരിതവും പേറി നാട്ടുകാർ യാത്രചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങളായി എന്നു ചുരുക്കം.

പുതിയകാവ് - ചക്കുവള്ളി റോഡ് സംസ്ഥാന ഹൈവേയാണ്. കരുനാഗപ്പള്ളി, കുലശേഖരപുരം, തഴവാ പ്രദേശങ്ങളെ കിഴക്കൻ മേഖലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഉൾപ്പെടെ ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതു വഴി കടന്ന് പോകുന്നത്. കൊച്ചുകുറ്രിപ്പുറം, കുറ്റിപ്പുറത്തിന് കിഴക്ക് വശവും റോഡ് തകർന്ന് കിടക്കുകയാണ്.

പഴയ പാലം പൊളിച്ചാണ് തഴവാ തഴത്തോട്ടിൽ പുതിയത് നിർമ്മിച്ചത്. പാലം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും റോഡിന്റെ ശോച്യാവസ്ഥയ്ക്ക് മാറ്റം വന്നില്ല. പാലത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളിൽ മണ്ണും പാറയും ഉപയോഗിച്ച് റോഡ് ഉയർത്തിയിരുന്നു. എന്നാൽ,​ ഇവിടം ഇനിയും

ടാർ ചെയ്യാൻ ഇനിയും അധികൃതർ തയ്യാറായിട്ടില്ല.

പാലത്തിന് സമീപത്തുനിന്ന് അപ്രോച്ച് റോഡ് നിർമ്മിച്ച് പാറപ്പുറം ഹരിജൻ കോളനിയിലെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന ആവശ്യവും ശക്തമാണ്. അപ്രോച്ച് റോഡ് നിർമ്മിച്ചാൽ നൂറ് മീറ്റർ സഞ്ചരിച്ച് കോളനി നിവസികൾക്ക് പ്രധാന റോഡിലെത്താനാകും.ഒന്നര കിലോമാറ്ററോളം സഞ്ചരിച്ചാണ് ഇവർ ഇപ്പോൾ പുതിയകാവ് - ചക്കുവള്ളി റോഡിലെത്തുന്നത്.

..........................................................................................................................

പാലത്തിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും റോഡ് അപകടക്കെണിയായി തുടരുകയാണ്. അപകടങ്ങൾ ഇവിടെ പതിവാണ്. തുലാവർഷം ശക്തമാകുന്നതിന് മുമ്പ് കുഴികൾ ഗ്രാവലിട്ട് നികത്തി അപകടരഹിതമാക്കണം. അപ്രോച്ച് റോഡ് നിർമ്മിച്ച് പാറപ്പുറം കോളനിയിലെ യാത്രാക്ലേശം പരിഹരിക്കണം.

ഖലീലുദ്ദീൻ പൂയപ്പള്ളിൽ,​

പൊതുപ്രവർത്തകൻ

Advertisement
Advertisement