ജയഹേ!

Wednesday 02 November 2022 3:58 AM IST

ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് പോരാട്ടം

മത്സരത്തിന് മഴഭീഷണി

അഡ്‌ലെയ്ഡ്: ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 ബി ഗ്രൂപ്പിലെ നിർണായക പോരാട്ടത്തിൽ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്. ഇരുടീമും കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിക്കുകയും ഒരെണ്ണം തോൽക്കുകയും ചെയ്തു. ഇരുടീമിനും നാല് പോയിന്റാണ് ഉള്ളതെങ്കിലും റൺറൈറ്രിന്റെ മുൻതൂക്കത്തിൽ ഇന്ത്യ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തും ബംഗ്ലാജേശ് മൂന്നാമതുമാണ്. ഇരുടീമിനും സെമിയിലെത്താൻ ഇന്ന് ജയിക്കേണ്ടത് അത്യാവശ്യമാണ്.കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തോൽവി വഴങ്ങിയ ഇന്ത്യ ഇന്ന് ജയിച്ച് വിജയവഴിയിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. മറുവശത്ത് കഴിഞ്ഞ മത്സരത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ നാടകീയ ജയം നേടിയ ബംഗ്ലാദേശ് വിജയത്തുടർച്ചയാണ് ലക്ഷ്യം വയ്ക്കുന്നത്.

മഴഭീഷണി

അറുപത് ശതമാനമാണ് അഡ്ലെയ്ഡിൽ ഇന്ന് മഴയ്ക്ക് സാധ്യത. ഇന്നലെ വൈകിട്ട് ഇവിടെ കനത്ത മഴപെയ്തിരുന്നു. ഇന്ത്യൻ താരങ്ങൾ ഇൻഡോറിലാണ് പരിശീലനം നടത്തിയത്. മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചാൽ ഇരുടീമും ഓരോ പോയിന്റ് വീതം പങ്കുവയ്ക്കും.

തോൽക്കരുത്

കലാസിൽ കരുകത്തർ ഇന്ത്യ തന്നെയാണെങ്കിലും ഒരിക്കലും എഴുതിത്തള്ളാനാകാത്ത ടീമാണ് ബംഗ്ലാദേശ്. പലപ്പോഴും അവർ ഇന്ത്യയ്ക്ക് തലവേദനയാവുകയും ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സൂര്യകുമാർ യാദവ് ഒഴികെയുള്ള മുൻനിരക്കാരെല്ലാം പരാജയമായിരുന്നു. അങ്ങനെയൊരു തകർച്ച ബംഗ്ലാദേശിനെതിരെ ഉണ്ടാകാതിരിക്കാൻ ഇന്ത്യൻ ടീം ശ്രദ്ധിച്ചേ മതിയാകൂ. തുടർച്ചയായി പരാജയപ്പെടുന്ന കെ.എൽ രാഹുലിനെ കൈവിടാൻ ടീം മാനേജ്മെന്റ് ഒരുക്കമല്ലെന്ന വിവരമാണ് ഇന്നലെയും പുറത്തുവന്നത്. ഇന്നലെ കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞതും രാഹുലിൽ വിശ്വാസം ഉണ്ടെന്നാണ്. രാഹുലിന്നും ടീമിൽ കാണും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിനിടെ പരിക്കേറ്റ ദിനേഷ് കാർത്തിക്ക് ഇന്ന് കളിക്കാൻ ഫിഫ്റ്റി ഫിഫ്റ്റി ചാൻസാണുള്ളത്. അദ്ദേഹത്തിന് പകരം പന്ത് ആദ്യ ഇലവനിൽ എത്തിയേക്കാം. കാർത്തിക്കിന്റെ കാര്യത്തിൽ ഇന്നേ അന്തിമ തീരുമാനം എടുക്കൂ. ലെഗ് സ്‌പിന്നിനെതിരെ ബംഗ്ലാദേശിന്റെ ദൗർബല്യം മുതലെടുക്കാൻ യൂസ്‌വേന്ദ്ര ചഹലിനെ ടീമിലെടുക്കാനുള്ള സാധ്യതയുമുണ്ട്.

സാധ്യതാ ടീം: രോഹിത്, രാഹുൽ,വിരാട്, സൂര്യ, ഹൂഡ,ഹാർദിക്, കാർത്തിക്ക്,അശ്വിൻ,ഷമി,ഭുവനേശ്വർ,അർഷ്ദീപ്.

അട്ടിമറിക്കാൻ

കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയ ടീമിൽ മാറ്റം വരുത്താൻ ബംഗ്ലാദേശ് തയ്യാറായേക്കില്ലെന്നാണ് വിവരം. രണ്ട് മാൻ ഓഫ് ദമാച്ച് അവാർഡുകൾ ഇതിനകം സ്വന്തമാക്കിയ ടസ്കിൻ അഹമ്മദും മുസ്തഫിസുറും ഷീക്കിബും അണിനിരക്കുന്ന ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ എന്നപോലെ ഇന്ത്യൻ ബാറ്റിംഗ് നിരയെ വീഴ്ത്താനാകുമെന്ന കണക്കുകൂട്ടലിലാണ്.

സാധ്യതാ ടീം: സൗമി, ഷന്റൊ,ലിറ്റൺ,ഷാക്കിബ്,അഫിഫ്, നൂറുൽ, മൊസദ്ദേക്ക്,യാസർ,ടസ്കിൻ,മുസ്തഫിസുർ,ഹസൻ.

സിംബാബ്‌വെ - നെതർലൻഡ്സ്

ഗ്രൂപ്പ് ബിയിലെ മറ്രൊരു നിർണായക മത്സരത്തിൽ സിംബാബ്‌വെയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30മുതലാണ് മത്സരം. 3 മത്സരങ്ങളിൽ നിന്ന് 3 പോയിന്റുള്ള സിംബാബ്‌വെ നാലാമതും ഒരു മത്സരവും ജയിക്കാത്ത നെതർലൻഡ്സ് അവസാന സ്ഥാനത്തുമാണ്.

Advertisement
Advertisement