ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്നു, പത്ത് പവൻ സ്വർണം കാണാനില്ല; പൊലീസിനെതിരെ പരാതിയുമായി സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന

Wednesday 02 November 2022 12:31 PM IST

കൊച്ചി: പൊലീസിനെതിരെ പരാതിയുമായി അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. താനില്ലാത്ത സമയത്ത് എറണാകുളം വടുതലയിലെ വീട് പൊലീസ് കുത്തിത്തുറന്നുവെന്നും മകളുടെ പത്ത് പവന്റെ ആഭരണങ്ങൾ കാണാനില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. ഞാറയ്ക്കൽ പൊലീസിനെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് സീന പരാതി നൽകിയത്.

കുത്ത് കേസിലെ പ്രതി ഒളിവിലിരിക്കുന്നു എന്ന പേരിൽ എത്തിയ സംഘം വീട് കുത്തിത്തുറന്നുവെന്നാണ് പരാതി. ആഭരണങ്ങൾ കൂടാതെ സൈമൺ ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്കാരങ്ങളടക്കം നഷ്ടപ്പെട്ടിട്ടുണ്ടെന്നും സാമൂഹ്യ ദ്രോഹികളായ ആളുകളുടെ സഹായത്തോടെയാണ് പൊലീസ് വീട് കുത്തിപ്പൊളിച്ചതെന്നും പരാതിയിൽ പറയുന്നു. മകളുടെ പഠനത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് സീന ഡൽഹിയിലായിരുന്നു. ഈ സമയത്താണ് പൊലീസ് അതിക്രമിച്ച് കയറിയത്. അടുത്ത വീട്ടിൽ ബന്ധുക്കൾ താമസിച്ചിരുന്നെങ്കിലും അവരോടും പൊലീസ് വിവരങ്ങൾ പറഞ്ഞിരുന്നില്ല. ഒരു മാസം മുമ്പ് താൻ വീട് വാടകയ്ക്ക് നൽകിയിരുന്നതായും പരാതിയിൽ പറയുന്നുണ്ട്.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടക്കുന്നത്. പൊലീസ് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. വീട് വാടകയ്ക്ക് കൊടുത്തിരുന്നെങ്കിലും ആഭരണങ്ങളും മറ്റും വീട്ടിൽ സൂക്ഷിച്ചിരുന്നു. കൊച്ചിയിലെ ഗുണ്ടാ തലവനായ ഭായ് നസീറിന്റെ സംഘത്തിൽപെട്ട ലിപിൻ ജോസഫ് എന്നയാളെ ആയുധം കൈവശം വച്ച സംഭവത്തിൽ പൊലീസ് തെരയുന്നുണ്ടായിരുന്നു. ടവർ ലൊക്കേഷൻ പ്രകാരം വടുതലയിലെ വീട്ടിലായിരുന്നു പ്രതി ഉണ്ടായിരുന്നതെന്നും ഇതനുസരിച്ചാണ് പുലർച്ചെ വീട്ടിലെത്തിയതെന്നും ഞാറയ്ക്കൽ പൊലീസ് പറയുന്നു.

ആലപ്പുഴ സ്വദേശിയായ വിഷ്ണുവിനാണ് സീന വീട് വാടകയ്ക്ക് നൽകിയിരിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകനായ ഇയാൾ നേരത്തെ ചില കേസുകളിൽ പ്രതിയാണെന്ന സംശയമുണ്ട്. ലിപിൻ ജോസഫും വിഷ്ണുവും ഈ വീട്ടിൽ ആണ് താമസിച്ചിരുന്നതെന്നാണ് പൊലീസ് നിഗമനം. അതേസമയം വീട് സൈമൺ ബ്രിട്ടോയുടേത് ആയിരുന്നുവെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.