വളർത്താൻ ചെലവഴിച്ച പണം ഇന്ത്യക്കാർ മാതാപിതാക്കൾക്ക് തിരികെ നൽകണോ? വിദേശിയുടെ ചോദ്യത്തിന് ചുട്ടമറുപടി നൽകി നീരജ് ചോപ്ര

Wednesday 02 November 2022 3:23 PM IST

ഇന്ത്യയിലേയ്ക്ക് ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് സ്വർണം ആദ്യമായെത്തിച്ച താരമാണ് നീരജ് ചോപ്ര. നീരജിന്റെ വിജയം രാജ്യമൊട്ടാകെ ആഘോഷമാക്കിയിരുന്നു. പിന്നീടങ്ങോട്ട് ജാവലിൻ ത്രോയിൽ ചരിത്രനേട്ടങ്ങൾ ഒന്നൊന്നായി സ്വന്തമാക്കുകയായിരുന്നു ഈ ഇരുപത്തിനാലുകാരൻ. ഇപ്പോഴിതാ യൂറോപ്യൻകാർ താരത്തോട് മിക്കപ്പോഴും ചോദിക്കുന്ന രസകരമായ ചോദ്യവും അതിന് നൽകിയ മറുപടിയും പങ്കുവയ്ക്കുകയാണ് നീരജ് ചോപ്ര.

വിദേശരാജ്യങ്ങളിലെ പരിശീലനങ്ങളിൽ വേറിട്ട അനുഭവങ്ങൾ ഉണ്ടാകാറുള്ളതായി നീരജ് ചോപ്ര വെളിപ്പെടുത്തി. ഒരിക്കൽ പരിശീലനത്തിനിടെചിലർ യൂറോപ്പ്യൻമാർ ഒരു സംശയം ചോദിച്ചു. മക്കളെ വളർത്തുന്നതിനായി ഇന്ത്യൻ മാതാപിതാക്കൾ ചെലവഴിക്കുന്ന പണം സ്വന്തമായി സമ്പാദ്യമുണ്ടായി കഴിയുമ്പോൾ തിരികെ നൽകേണ്ടതുണ്ടോ എന്നതായിരുന്നു അവരുടെ സംശയം. 'ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാണ്. വളർന്നുകഴിഞ്ഞാലും മാതാപിതാക്കളുടെ ഒപ്പം കുട്ടികളായി തന്നെ കഴിയുന്നത് ഇന്ത്യയുടെ മാത്രം സംസ്കാരമാണെന്നായിരുന്നു നീരജ് മറുപടി നൽകിയത്. കുടുംബത്തെക്കുറിച്ചുള്ള യൂറോപ്യൻക്കാരുടെ കാഴ്ചപ്പാട് വ്യത്യസ്തമാണെന്നും നീരജ് പറഞ്ഞു.

നീരജ് ചോപ്രയ്ക്ക് വിലപ്പെട്ട നേട്ടങ്ങൾ സമ്മാനിച്ച വർഷമായിരുന്നു 2022. ജാവലിൻ ത്രോയിൽ രണ്ട് തവണ ദേശീയ റെക്കാർഡ് തിരുത്തിക്കുറിച്ചു. ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി. സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗിലും ചാമ്പ്യനായി. അടുത്ത വർഷത്തെ മത്സരങ്ങൾക്കായുള്ള പരിശീലനത്തിലാണ് ഇപ്പോൾ താരം.