ഗ്രീഷ്മയ്ക്ക് തൊണ്ട പൊള്ളി, ഡിസ് ചാർജ് നീളുന്നു, കേസ് കൈമാറാൻ നിയമോപദേശം തേടി ക്രൈംബ്രാഞ്ച്

Thursday 03 November 2022 12:38 AM IST

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതി ഗ്രീഷ്മയുടെ ഡിസ് ചാർജ് വൈകുന്നു. ടോയ്ലറ്റ് ക്ളീനറായ ലൈസോൾ ഉള്ളിൽചെന്നതിനെ തുടർന്ന് തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകളുണ്ടായതായാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടുന്നതിനാൽ ഗ്ളൂക്കോസും മരുന്നുകളും ആവശ്യമാണ്. അതിനാൽ ഇന്നലെയും ഗ്രീഷ്മയെ ഡിസ് ചാർജ് ചെയ്യാൻ ഡോക്ടർമാർ തയ്യാറായില്ല. ഐ.സി.യുവിൽ വനിത പൊലീസുകാരുടെ കാവലിലാണ് ഗ്രീഷ്മ. കസ്റ്റഡിയിൽ ആത്മഹത്യാശ്രമം നടത്തിയതിനാൽ കണ്ണിമവെട്ടാത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഗ്രീഷ്മയെ ഡിസ്ചാർജ് ചെയ്താൽ മാത്രമേ ജുഡിഷ്യൽ കസ്റ്റഡിയിൽ വാങ്ങാനും രാമവർമ്മൻ ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടപടികളും വിശദമായചോദ്യം ചെയ്യലും പൂർത്തിയാക്കാനും കഴിയൂ. തെളിവ് നശിപ്പിച്ച് കേസിൽ നിന്ന് തലയൂരാൻ ഗ്രീഷ്മയെ സഹായിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത അമ്മയെയും അമ്മാവനെയും കഴിഞ്ഞദിവസം റിമാൻഡ് ചെയ്തിരുന്നു. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷം പുതിയ തെളിവുകൾ ലഭ്യമായാൽ അമ്മാവനെയും അമ്മയെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനും കൂടുതൽ വകുപ്പുകൾ ഇരുവർക്കുമെതിരെ ചുമത്താനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

നിയമോപദേശം തേടി ക്രൈംബ്രാഞ്ച്

കൃത്യസ്ഥലം തമിഴ്നാട്ടിലെ രാമവർമ്മൻ ചിറയായതിനാൽ കേസിന്റെ തുടരന്വേഷണവും കുറ്റപത്രസമർപ്പണവും ഉൾപ്പെടെയുള്ള നടപടികൾ തമിഴ്നാട് പൊലീസിന് കൈമാറുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംഘം നിയമോപദേശം തേടി. ഷാരോണിന്റെ മരണമൊഴി ഒഴികെ സംഭവത്തിന്റെ ആസൂത്രണവും വിഷം കൊടുക്കലുമുൾപ്പെടെയുള്ള കാര്യങ്ങളെല്ലാം തമിഴ്നാട്ടിലെ ഗ്രീഷ്മയുടെ വീട്ടിൽ വച്ചായതിനാൽ നടപടികൾ അതിവേഗം പൂർത്തിയാക്കി തമിഴ്നാട് പൊലീസിന് കേസ് കൈമാറാനാണ് ശ്രമിക്കുന്നത്. തങ്ങളുടെ അധികാര പരിധിക്ക് പുറത്തുണ്ടായ സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കാനും കുറ്റപത്രം സമർപ്പിക്കാനും സംസ്ഥാന പൊലീസ് ശ്രമിച്ചാൽ കേസിന്റെ വിചാരണഘട്ടത്തിൽ അത് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കിയാൽ പിന്നീട് സാക്ഷികളെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുന്നതുൾപ്പെടെ മറ്റ് തെളിവ് ശേഖരണവും കുറ്റപത്ര സമർപ്പണവുമെല്ലാം പളുകൽ പൊലീസാകും നിർവഹിക്കുക. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.പി ഡി.ശില്പയുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇന്നലെ രാത്രി റൂറൽ എസ്.പി ഓഫീസിൽ യോഗം ചേർന്ന് കേസിന്റെ ഇതുവരെയുള്ള അന്വേഷണവും ഉടൻ പൂർത്തിയാക്കേണ്ട മറ്റ് നടപടികളും വിലയിരുത്തി. കേസ് കൈമാറുന്നതിന് മുന്നോടിയായുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

Advertisement
Advertisement