ഗവർണറെ കടന്നാക്രമിച്ച് മുഖ്യമന്ത്രി, സമാന്തര സർക്കാർ മോഹം നടക്കില്ല

Thursday 03 November 2022 4:07 AM IST

ജുഡിഷ്യറിക്കും മേലെയാണ് താനെന്ന ഭാവം

മന്ത്രിപ്രീതി തീരുമാനിക്കേണ്ടത് മന്ത്രിസഭ

തിരുവനന്തപുരം: സർവാധികാരി ചമഞ്ഞും ജുഡിഷ്യറിക്കും മേലെയാണ് താനെന്ന ഭാവത്തോടെയും

സമാന്തര സർക്കാരാവാനുള്ള ഗവർണറുടെ മോഹം മനസിൽ വച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെപ്പോലും മറികടന്നാണ് ഗവർണറുടെ ഇടപെടലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഗവർണർക്കെതിരായ സർക്കാരിന്റെയും ഇടതുമുന്നണിയുടെയും നീക്കത്തിന്റെ ഭാഗമായി രൂപീകരിച്ച വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ എ.കെ.ജി ഹാളിൽ സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കോടതിയിൽ ചോദ്യം ചെയ്യപ്പെട്ട ഒരു വി.സി നിയമനത്തിന്റെ പേരിൽ, ചോദ്യം ചെയ്യപ്പെടാത്ത വി.സി നിയമനങ്ങളെല്ലാം നിയമപരമല്ലെന്നാണ് പറയുന്നത്. നിയമങ്ങൾ പാസാക്കിയ നിയമസഭയെയും സാമാജികരെയും നോക്കുകുത്തികളാക്കുകയാണ്. നിയമസഭയുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റം അനുവദിക്കില്ല. നിയമസഭാംഗങ്ങൾക്ക് തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളോടാണ് ഉത്തരവാദിത്വം. സർവ അധികാരങ്ങളും തന്നിൽ കേന്ദ്രീകരിച്ചിരിക്കുന്നെന്ന് കരുതിയാൽ അങ്ങനെ മന:സമാധാനപ്പെടണം. അത് കേരളത്തിലെ ജനങ്ങൾ വകവയ്ക്കില്ല. ഇതൊക്കെ ചെയ്യാൻ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ ഇവിടെയുണ്ട്. ഭരണഘടന ശില്പികൾ ചിന്തിച്ചിട്ടുപോലുമില്ലാത്ത തരത്തിലാണ് ഗവർണറുടെ നീക്കങ്ങൾ.

മന്ത്രിമാരോടുള്ള പ്രീതി പിൻവലിക്കുമെന്നാണ് ഭീഷണി. അത് തീരുമാനിക്കാൻ ഇവിടെ മന്ത്രിസഭയുണ്ട്, നിയമസഭയുണ്ട്, അതിനെല്ലാം മുകളിൽ ജനങ്ങളുണ്ട്. ഇക്കാര്യം ആരും മറക്കേണ്ട. മുഖ്യമന്ത്രിയുടെ അഭിപ്രായ പരിധിക്കുള്ളിലാണ് ഗവർണറുടെ പ്രീതി. മുഖ്യമന്ത്രി നിർദ്ദേശിക്കുന്നവരെയല്ലാതെ ഗവർണർക്ക് സ്വന്തം ആളുകളെ മന്ത്രിയാക്കാനാവുമോ? മന്ത്രിസഭയുടെ അധികാരപ്രകാരമേ ഗവർണർക്ക് പ്രവർത്തിക്കാനാവൂ.

ഗവർണർക്കാവില്ല, പുറത്താക്കാൻ

ഏതെങ്കിലും മന്ത്രിയെ ഗവർണർക്ക് പുറത്താക്കാനാവില്ല. ഭരണഘടനയെ തകിടം മറിക്കാനുള്ള നിന്ദ്യമായ നീക്കങ്ങളിൽ നിന്ന് ഗവർണർ പിന്മാറണം.നിയമസഭ നൽകിയ ചാൻസലർ പദവിയിലിരുന്ന് സർവകലാശാലകളെയാകെ അപകീർത്തിപ്പെടുത്തുന്നത് ഗവർണറുടെ സ്ഥാനത്തിന് ചേർന്നതല്ല. അദ്ധ്യാപകർ കൊള്ളില്ലെന്ന് ആദ്യം പറഞ്ഞു. പിന്നീട് സെനറ്റിനും സിൻഡിക്കേറ്റിനുമെതിരേ തിരിഞ്ഞു. ഇപ്പോൾ വി.സിമാരെയെല്ലാം പുറത്താക്കാനാണ് ശ്രമം.നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടില്ലെന്നും, അടുത്ത നിമിഷം അവ വായിച്ചിട്ടില്ലെന്നും പറയുന്നു. വായിക്കാതെ ഒപ്പിടില്ലെന്ന് പറയാൻ വല്ല ദിവ്യസിദ്ധിയുമുണ്ടോ?- മുഖ്യമന്ത്രി ചോദിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അദ്ധ്യക്ഷനായി. മന്ത്രി ആർ .ബിന്ദു, ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ എന്നിവരും പങ്കെടുത്തു. മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണിരാജുവും സദസിലുണ്ടായിരുന്നു.

ഹൈക്കോടതി പറഞ്ഞത്

ചാൻസലറായ ഗവർണർക്കെതിരെ പ്രമേയം പാസാക്കാൻ കേരള സർവകലാശാല സെനറ്റിന് അധികാരമില്ലെന്ന്, 15 സെനറ്റംഗങ്ങളെ ഗവർണർ പുറത്താക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്നലെ വ്യക്തമാക്കി. രാജി ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിന് ചാൻസലർ കൂടിയായ ഗവർണർ നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് എട്ടു വൈസ് ചാൻസല‌ർമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഇന്നലെ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഗവർണറടക്കം എതിർകക്ഷികളോട് വിശദീകരണം തേടി.

Advertisement
Advertisement