വി.സിമാരെ പിരിച്ചുവിടാൻ വകുപ്പില്ല :മുഖ്യമന്ത്രി

Thursday 03 November 2022 1:47 AM IST

#ഗവർണർ തന്നെ ചാൻസലറാവണമെന്നില്ല

തിരുവനന്തപുരം: പത്ത് വൈസ്ചാൻസലർമാരെ പിരിച്ചുവിടാനുള്ള ഗവർണറുടെ നീക്കത്തെ അതിശക്തമായി എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വി.സിമാർ എല്ലാ രീതിയിലും അക്കാഡമിക് മികവുള്ളവരാണെന്നും, വിദേശത്തടക്കം പ്രാഗത്ഭ്യം തെളിയിച്ചവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയാടിസ്ഥാനത്തിലല്ല അവരെ നിയമിച്ചത്. ചാൻസലർ വി.സിയെ നിയമിച്ചതോടെ അധികാരം ഉപയോഗിച്ചു കഴിഞ്ഞു. പിന്നീട് സർവകലാശാലാ നിയമപ്രകാരമേ വി.സിക്കെതിരേ നടപടിയെടുക്കാനാവൂ. വി.സിമാരെ പുറത്താക്കാനാവുന്ന സാമ്പത്തിക തിരിമറി, മോശം പെരുമാറ്റം തുടങ്ങിയ പരാതികളൊന്നും ഇവിടെയുണ്ടായിട്ടില്ല. 10 അപേക്ഷകരിൽ 9 പേരും അയോഗ്യരെന്ന് സെർച്ച് കമ്മിറ്റി കണ്ടെത്തി ഒരു പേര് വി.സി നിയമനത്തിനായി നൽകുമ്പോൾ, മൂന്നുപേരുടെ പാനൽ വേണമെന്ന് നിർബന്ധിച്ചാൽ അയോഗ്യരെക്കൂടി ഉൾപ്പെടുത്തേണ്ടി വരും. പിന്നെ എന്തിനാണ് സെർച്ച് കമ്മിറ്റി ? ഒറ്റപ്പേര് നൽകാൻ തുടങ്ങിയത് എൽ.ഡി.എഫ് സർക്കാരല്ല, യു.ഡി.എഫും ഇക്കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സെർച്ച് കമ്മിറ്റിയംഗമായ ചീഫ്സെക്രട്ടറി അക്കാഡമിക് വിദഗ്ദ്ധനല്ലെന്ന് ഗവർണർ പറയുന്നു. എന്നാൽ പഠനശാഖയായ പബ്ലിക് അഡ്മിനിസ്ട്രേഷനിലെ വൈദ്ഗ്ദ്ധ്യമുള്ളയാൾ വിദഗദ്ധനല്ലേ? കൺകറന്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമം നിർമ്മിക്കാം. കേന്ദ്രനിയമത്തിന് വിരുദ്ധമല്ലാത്ത സംസ്ഥാന നിയമത്തെ ലംഘിക്കാൻ ആർക്കും അധികാരമില്ല. ഗവർണർക്കുള്ള ഭരണഘടനാപരമായ അധികാരങ്ങൾ ചാൻസലർക്കില്ല. സർവകലാശാലാ നിയമപ്രകാരമുള്ള അധികാരമേയുള്ളൂ.ഗവർണർ തന്നെ ചാൻസലറായിരിക്കണമെന്നില്ല, അങ്ങനെയല്ലാത്ത സർവകലാശാലകളുമുണ്ട്. ഭരണഘടനാപരമല്ലാത്ത ഇത്തരം ചുമതലകൾ ഗവർണർക്ക് നൽകരുതെന്ന് ജസ്റ്റിസ് പൂഞ്ചി കമ്മിഷൻ റിപ്പോർട്ടുണ്ട്. ഭരണഘടനാ പദവിയിലുള്ളയാൾ ജനാധിപത്യപരമല്ലാതെ പ്രവർത്തിക്കില്ലെന്ന പ്രത്യാശയുള്ളതിനാലാണ് ഗവർണർ ചാൻസലറാവുന്നത് കേരളം അവസാനിപ്പിക്കാതിരുന്നത്.

കേന്ദ്ര ഇടപെടലിനുള്ള

അന്തരീക്ഷമൊരുക്കൽ

സർവകലാശാലകളുടെ സ്വയംഭരണം തകർത്ത് കാമ്പസുകളിലെ ജനാധിപത്യം ചോർത്താനും അതുവഴി കേന്ദ്ര ഇടപെടലിനുള്ള അന്തരീക്ഷമൊരുക്കാനുമാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാലാ കാര്യത്തിൽ ഗവർണർക്ക് നിക്ഷിപ്ത താത്പര്യമുണ്ട്. സർവകലാശാലകളെ സംഘപരിവാറിന്റെ കൂത്തരങ്ങാക്കി മാറ്റാനും അതിലൂടെ കാവിവത്കരണത്തിനുമാണ് നീക്കം. അതിനാണ് കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് സ്വന്തം താത്പര്യം നടപ്പാക്കാൻ ഗവർണർ ഇറങ്ങിപ്പുറപ്പെടുന്നത്.

ആർ.എസ്.എസുകാരെ തപ്പി

എടുത്ത് നിയമിക്കുന്നു

ചാൻസലറെന്ന നിലയിലെടുക്കുന്ന തെറ്റായ നടപടികൾ ഗവർണറുടെ അധികാരമുപയോഗിച്ച് സംരക്ഷിക്കാനാവില്ല. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം എങ്ങനെ തകർക്കാനാവുമെന്ന് ചില കേന്ദ്രങ്ങൾ ഗവേഷണം നടത്തുന്നു. ഉന്നതവിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലാക്കാനുള്ള ശ്രമങ്ങൾക്കെതിരായ നീക്കങ്ങളും ഉപജാപങ്ങളുമാണ് നടക്കുന്നത്. സർവകലാശാലകളും കോളേജുകളും തങ്ങളുടെ വരുതിയിലാക്കാനാണ് സംഘപരിവാർ ശ്രമം. വൈസ്ചാൻസലർ, അദ്ധ്യാപക തസ്തികകളിൽ ആർ.എസ്.എസുകാരെ തപ്പിയെടുത്ത് നിയമിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement