റാഗിംഗ് കേസിൽ അലൈൻ ഷുഹൈബ് കസ്റ്റഡിയിൽ

Thursday 03 November 2022 12:55 AM IST

തലശ്ശേരി: കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് മാസങ്ങളോളം കസ്റ്റഡിയിലായിരുന്ന അലൈൻ ഷുഹൈബ് അടക്കം മൂന്നു വിദ്യാർത്ഥികളെ റാഗിംഗ് പരാതിയിൽ ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്തു. ബദറുദ്ദീൻ, നിഷാദ് എന്നിവരാണ് കസ്റ്റഡിയിലായ മറ്റ് രണ്ട് പേർ.

കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് കാമ്പസിലെ ഒന്നാം വർഷ എൽ.എൽ.ബി വിദ്യാർത്ഥി ആദിനെ റാഗ് ചെയ്‌തെന്നാണ് പരാതി. എസ്.എഫ്.ഐ പ്രവർത്തകനായ ആദിൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

ആരോപണം അലൈൻ ഷുഹൈബ് നിഷേധിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ മുസ്ഹിൻ എന്ന വിദ്യാർത്ഥിയെ റാഗ് ചെയ്തതിന് സാക്ഷികളായ തങ്ങൾ മൂവരും മൊഴി മാറ്റാത്തതിന്റെ വൈരാഗ്യത്തിൽ കള്ളപ്പരാതി നൽകിയതാണെന്ന് അലൈൻ ഷുഹൈബ് പറയുന്നു. മാവോയിസ്റ്റ് കേസിൽ പ്രതിയാക്കപ്പെട്ട തന്റെ ജാമ്യം റദ്ദാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടി ചമച്ച കേസാണെന്നും ഷുഹൈബ് ആരോപിച്ചു. യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയും കെ.എസ്.യുവും എ.ഐ.എസ്.എഫും അടങ്ങിയ സംയുക്ത വിദ്യാർത്ഥി സംഘടനയും തമ്മിൽ മത്സരം കടുക്കുന്നതിനിടെയാണ് അലൈൻ ഷുഹൈബിനെതിരെ റാഗിംഗ് കേസ് വരുന്നത്.

Advertisement
Advertisement