വാക്‌സിനേഷന് വേഗം പോര കടി കിട്ടാതെ സൂക്ഷിച്ചോ...

Thursday 03 November 2022 12:01 AM IST

വാക്സിൻ നൽകിയത്

690 നായകൾക്ക് മാത്രം

കോഴിക്കോട്: ജില്ലയിലെ തെരുവുനായകൾക്ക് ഒക്ടോബർ 20നകം വാക്‌സിനേഷൻ നൽകാനുള്ള തീരുമാനം നടപ്പായില്ല. സെപ്തംബർ 20ന് ആരംഭിച്ച പദ്ധതിയിൽ പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകിയത് 690 നായകൾക്ക് മാത്രം. ജില്ലയിൽ 14032 നായകളുണ്ടെന്നാണ് ജില്ലാ പഞ്ചായത്തിന്റെ കണക്ക്. എന്നാൽ കണക്കിൽ പെടാത്തവ ഇതിന്റെ അഞ്ചിരട്ടി വരും.

പട്ടിപിടിത്തക്കാരെ കിട്ടാത്തതാണ് വാക്‌സിനേഷൻ വൈകാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ഹോട്ടലുകളുടെയും കടകളുടെയും പരിസരങ്ങളിൽ കാണുന്ന നായകൾക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നത്.

തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടുന്നവർ ക്രമാതീതമായി കൂടിയതോടെയാണ് നായകളെ വന്ധ്യംകരിക്കാനും വാക്സിൻ നൽകാനുമുള്ള നടപടി ഊർജിതമാക്കിയത്. ജില്ലയിൽ ബേപ്പൂർ നടുവട്ടത്തും ബാലുശ്ശേരിയിലുമായിരുന്നു തുടക്കം.


@ പട്ടിപിടിത്തക്കാർക്ക് പരിശീലനം


ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടിപിടിത്തക്കാർക്കുള്ള പരിശീലനം ഊർജിതമാക്കി. വിവിധ പഞ്ചായത്തുകളിലെ 70 പേരാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പട്ടികളെ പിടിക്കുന്ന രീതി, ബോധവത്കരണം തുടങ്ങിയവയിൽ പ്രത്യേക പരിശീലനം നൽകും. ബാലുശ്ശേരിയിലെ

എ.ബി.സി സെന്ററിന്റെ പ്രവർത്തനം പൂർത്തിയായതായും ഒരാഴ്ചക്കുള്ളിൽ തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.


@ വളർത്തു നായകൾക്ക്

വി.ഐ.പി പരിഗണന


വളർത്തുനായകൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് കാര്യക്ഷമമായി പുരോഗമിക്കുകയാണ്. ജില്ലയിൽ 22776 വളർത്തുനായകളാണ് ഉള്ളത്. അതിൽ 18911 പേർക്ക് കുത്തിവെപ്പ് നടത്തി. വളർത്തുനായകൾക്ക് കുത്തിവെപ്പ് നടത്തുന്നതിലാണ് മൃഗസംരക്ഷണവകുപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനുശേഷം തെരുവുനായകളുടെ കാര്യം പരിഗണിക്കും.

''തെരുവുനായകളുടെ വാക്‌സിനേഷൻ വൈകുന്നത് പിടിക്കാൻ ആളില്ലാത്തതാണ്. നിലവിൽ 70 പേരെ കണ്ടെത്തിയിട്ടുണ്ട്. അവർക്ക് പരിശീലനം നൽകി എത്രയും വേഗം വാക്‌സിനേഷൻ പൂർത്തീകരിക്കും. വളർത്തു മൃഗങ്ങളുടെ വാക്‌സിനേഷനിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.' പി.കെ. ഷിഹാബുദ്ദീൻ, ചീഫ് വെറ്ററിനറി ഓഫീസർ, ജില്ലാ വെറ്ററിനറി കേന്ദ്രം, കോഴിക്കോട്.

Advertisement
Advertisement